താജുല്‍ ഉലമ സ്‌ക്വയര്‍ പ്രചാരണം ‘പഠന മുറി’കളിലൂടെ ശ്രദ്ധേയമാകുന്നു

Posted on: September 8, 2015 9:29 am | Last updated: September 8, 2015 at 9:29 am

മലപ്പുറം: ആദര്‍ശ നായകന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സുന്നി യുവചേതനയുടെ കരുത്തുറ്റ കര്‍മ ബലത്തില്‍ പടുത്തുയര്‍ത്തുന്ന താജുല്‍ ഉലമ സ്‌ക്വയര്‍ പ്രചാരണം ഇനി ‘പഠനമുറി’കളിലൂടെ നടക്കും. വര്‍ധിത ആവേശവും ആരവവുമുയര്‍ത്തി സോണ്‍ തലങ്ങളില്‍ നടന്ന പഠിപ്പുരക്ക് ശേഷം പ്രവര്‍ത്തകര്‍ ഒന്നായി സംഗമിക്കുന്ന വേദിയാണ് പഠനമുറി. ആത്മീയ നായകന്റെ സ്മരണക്കായി സര്‍വ്വവും നല്‍കാന്‍ തയ്യാറായ സുന്നി പ്രവര്‍ത്തകരുടെ ആവേശമാണ് ജില്ലയിലെങ്ങും ദൃശ്യമാകുന്നത്.
പ്രവര്‍ത്തകരില്‍ നിന്നുമാത്രമായി സ്വരൂപിക്കുന്ന നിധിയിലേക്ക് കുടുംബാംഗങ്ങളുടെ മുഴുവന്‍ പേരില്‍ ആയിരം രൂപയുടെ കൂപ്പണ്‍ സ്വീകരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ് യൂണിറ്റ് പ്രവര്‍ത്തകര്‍. സമസ്തയുടെ ആധികാരിക യുവജന പ്രസ്ഥാനമായ എസ് വൈ എസിന്റെ 60 വാര്‍ഷികം നല്‍കിയ ആവേശവും സര്‍വതല സ്പര്‍ശിയായ ദഅ്‌വത്തിന്റെ പ്രായോഗിക വിജയവും വിളിച്ചോതിയ സമ്മേളന വേദിക്കരികിലാണ് താജുല്‍ ഉലമ സ്‌ക്വയര്‍ ഉയരുക.