സബര്‍മതിയിലേക്ക് തിരിച്ചു വരുന്നതാര്?

Posted on: September 8, 2015 6:00 am | Last updated: September 7, 2015 at 11:47 pm

download1930 മാര്‍ച്ച് 12നാണ് മഹാത്മാ ഗാന്ധി എണ്‍പതോളം അനുയായികളുമൊന്നിച്ച് നിയമം ലംഘിച്ച് ഉപ്പു കുറുക്കാനായി ദണ്ഡിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. അക്കാലത്ത് അദ്ദേഹം തന്റെ പ്രവര്‍ത്തനം നടത്തിയിരുന്നത് അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ താമസിച്ചു കൊണ്ടായിരുന്നു. സബര്‍മതി നദിക്കരയില്‍ മുപ്പതിലധികം ഏക്കര്‍ സ്ഥലത്ത് 1915ല്‍ സ്ഥാപിക്കപ്പെട്ട ഈ ആശ്രമം സത്യാന്വേഷണത്തിനും നിര്‍ഭയത്വം വികസിപ്പിക്കുന്നതിനും അനുയോജ്യമായ സ്ഥലം എന്ന നിലക്ക് തിരിച്ചറിഞ്ഞ് ഗാന്ധി ആത്മീയ – രാഷ്ട്രീയ ജീവിതങ്ങള്‍ക്കു വേണ്ടി സ്വീകരിക്കുകയായിരുന്നു. കായികാധ്വാനവും വ്യക്തികളുടെ സ്വയം പര്യാപ്തതയും മൃഗ സംരക്ഷണവും കൃഷിയും സാക്ഷരതയും എല്ലാമായി രാഷ്ട്ര നിര്‍മാണത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പങ്ങളുടെ ഒരു പ്രദര്‍ശന- നിര്‍വഹണ സ്ഥലം അദ്ദേഹം സബര്‍മതി ആശ്രമത്തില്‍ രൂപവത്കരിച്ചെടുത്തു.
1920 മുതല്‍ 1922 വരെ നീണ്ടുനിന്ന നിസ്സഹകരണ പ്രസ്ഥാനത്തിനു ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായക ഘട്ടമാണ് നിയമലംഘന പ്രസ്ഥാനമായി വിഭാവനം ചെയ്യപ്പെട്ട ദണ്ഡി മാര്‍ച്ച്. 1930 ജനുവരി 26ന് പൂര്‍ണ സ്വരാജ് ആണ് വിട്ടുവീഴ്ച വേണ്ടതില്ലാത്ത വിധത്തില്‍ നമ്മുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു തൊട്ടു ശേഷമുള്ള ഗംഭീരമായ ആദ്യത്തെ പ്രക്ഷോഭവുമായിരുന്നു ദണ്ഡി മാര്‍ച്ച്. വിപുലമായ ഒരുക്കങ്ങളും നിര്‍ണായകമായ മാര്‍ഗവും വഴിയിലുള്ള ഇടപെടലുകളും ലോകം മുഴുവന്‍ വ്യാപിച്ച മാധ്യമ ശ്രദ്ധയുമെല്ലാമായി, സ്വാതന്ത്ര്യസമരത്തിലെ ഉജ്വലമായ ഏടായി ദണ്ഡി മാര്‍ച്ച് ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണം എന്ന സാമ്രാജ്യത്വവിരുദ്ധ അടിസ്ഥാനത്തെ എല്ലാക്കാലത്തും പ്രചോദിപ്പിച്ചു കൊണ്ടിരിക്കും.
ദണ്ഡി മാര്‍ച്ച് തുടങ്ങുന്നതിനു തൊട്ടുമുമ്പ് സബര്‍മതി ആശ്രമത്തില്‍ വെച്ച് നടത്തിയ വികാരനിര്‍ഭരവും രാഷ്ട്രീയ പ്രധാനവും ചരിത്രപരവുമായ പ്രസംഗത്തില്‍ ഗാന്ധി ഇപ്രകാരം പറഞ്ഞു: ‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാതെ ഇനി ഞാന്‍ ഈ ആശ്രമത്തിലേക്ക് തിരിച്ചു വരികയില്ല.’ നമുക്കെല്ലാം അറിയാവുന്നതു പോലെ, 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഗാന്ധി ഒട്ടും സംതൃപ്തനായിരുന്നില്ല. വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകളിലും കൂട്ടക്കുരുതികളിലും പെട്ട് ആയിരക്കണക്കിന് സഹോദരര്‍ കൊല്ലപ്പെടുകയും മാനഭംഗം ചെയ്യപ്പെടുകയും വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തു.
പുതിയ തദ്ദേശീയ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലേറുമ്പോള്‍, ഗാന്ധി അതില്‍ നിന്നെല്ലാം അകന്ന് കൊല്ലപ്പെടുന്നവരും മുറിവേറ്റവരും പിളര്‍ക്കപ്പെട്ടവരുമായ മനുഷ്യരുടെ ഇടയില്‍ സമാധാനം പുനഃസ്ഥാപിക്കാനാകുമോയെന്ന അന്വേഷണവുമായി അലയുകയായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഒരു രാഷ്ട്രമല്ലായിരുന്നു ഇന്ത്യയായി നിവര്‍ന്നത്. വൈകാതെ രാഷ്ട്രത്തിനും അദ്ദേഹത്തെ വേണ്ടാതായി. 1948 ജനുവരി 30ന് സ്വതന്ത്ര ഇന്ത്യയെ നിഷ്ഫലമാക്കുന്ന വിധത്തില്‍, ഹിന്ദു ഭീകരനായ നാഥുറാം ഗോഡ്‌സെ മഹാത്മാവിനെ നെഞ്ചത്തേക്ക് വെടിയുണ്ട പായിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ആ കൊലപാതകത്തില്‍ ഇന്ത്യ തന്നെ ഇല്ലാതാകേണ്ടതായിരുന്നു. അഥവാ, ഇന്ത്യ ഇല്ലാതാകുന്ന അത്രയും മാരകമായ ഒരു ഭീകരാക്രമണം തന്നെയായിരുന്നു അത്.
ദണ്ഡിയിലേക്കുള്ള യാത്രയില്‍ അദ്ദേഹം തിരഞ്ഞെടുത്ത എഴുപത്തെട്ട് പേരില്‍ നല്ലൊരു ശതമാനം പേരും ദളിതരായിരുന്നു. (ഗാന്ധി അവരെ വിളിച്ചിരുന്നത് ഹരിജനങ്ങള്‍ – ദൈവത്തിന് പ്രിയപ്പെട്ടവര്‍ എന്ന അര്‍ഥത്തില്‍ – എന്നായിരുന്നു. പില്‍ക്കാലത്ത് ഈ വിശേഷണം അപമാനകരമായ ഒന്നാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഉപയോഗിക്കാതിരിക്കാന്‍ പൊതുവായി തീരുമാനിക്കപ്പെടുകയും ചെയ്തു). സമാധാനത്തിലൂന്നിയും അഹിംസയിലൂന്നിയും സ്വാതന്ത്ര്യം നേടണമെന്ന ആശയത്തോടെ ദണ്ഡിയിലേക്ക് പുറപ്പെട്ട മഹാത്മാ ഗാന്ധിക്ക് തിരിച്ചുവരാന്‍ കഴിയാത്ത സബര്‍മതിയിലേക്ക് ആരാണ് തിരിച്ചുവരുന്നത്? ദളിതരെയും മറ്റു പിന്നാക്കക്കാരെയും സാമൂഹികമായും സാംസ്‌കാരികമായും ഔദ്യോഗികമായും സാമ്പത്തികമായും കൂടുതല്‍ നിസ്സാരീകരിക്കാനോ ഇല്ലാതാക്കാന്‍ തന്നെയോ ആഹ്വാനം ചെയ്യുന്നതിന് തുല്യമായ ആശയവും ആവശ്യവുമുന്നയിച്ച് പുതിയ സമരമുഖം തുറന്നിരിക്കുന്ന ഹര്‍ദിക്ക് പട്ടേല്‍ എന്ന ചെറുപ്പക്കാരനാണ് ദണ്ഡിയില്‍ നിന്ന് ഒരു മറു മാര്‍ച്ച് നടത്താന്‍ പോകുന്നത്. ഗുജറാത്തിലെ സാമ്പത്തികമായും വ്യാവസായികമായും രാഷ്ട്രീയമായും മെച്ചപ്പെട്ടു നില്‍ക്കുന്ന പട്ടേല്‍ ജാതിക്കാര്‍ക്ക് ഒ ബി സി വിഭാഗത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് അക്രമാസക്തമായ സമരം നയിക്കുന്ന പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ദിക്ക് പട്ടേല്‍ നയിക്കുന്ന മാര്‍ച്ച് ദണ്ഡിയില്‍ നിന്നാരംഭിച്ച് മുന്നൂറ്റമ്പത് കിലോ മീറ്റര്‍ താണ്ടി അഹമ്മദാബാദില്‍ അവസാനിക്കും.
ഗുജറാത്ത് ഗാന്ധിയുടെ മാത്രമല്ല, ഫാസിസത്തിന്റെയും പരീക്ഷണശാലയാണ്. പല വര്‍ഗീയ ലഹളകള്‍ക്കും ശേഷം 2002ല്‍ നടന്ന വംശഹത്യയില്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. അതിനു മുമ്പ് ആരംഭിച്ച മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ -സംവരണ വിരുദ്ധ -സവര്‍ണ സമരത്തിന് നേതൃത്വം കൊടുത്തിരുന്നത് പട്ടേല്‍ ജാതിക്കാരുടെ സംഘടനയായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ സമരവും നടത്തുന്നത്. തങ്ങള്‍ക്ക് ഒ ബി സി സംവരണം തരുന്നില്ലെങ്കില്‍ എല്ലാ സംവരണവും വേണ്ടെന്നു വെക്കണമെന്ന ‘അതി ലളിത’മായ ആവശ്യമാണ് ഹര്‍ദിക്ക് പട്ടേല്‍ ഉന്നയിക്കുന്നത്. ഗാന്ധിയുടെ ലക്ഷ്യമെന്നതു പോലെ മാര്‍ഗവും തല കുത്തനെ നിര്‍ത്തിയാണ് പുതിയ സമരസമിതി പ്രതി-പ്രയോഗിക്കുന്നത്. സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്കെന്നതിനു പകരം, ദണ്ഡിയില്‍ നിന്ന് അഹമ്മദാബാദിലേക്ക്. അഹിംസക്ക് പകരം ഹിംസ അഴിച്ചു വിട്ടുകൊണ്ട്. പത്ത് പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. പൊലീസും പട്ടാളവും മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളും അര്‍ധസൈനികരും എല്ലാം ആവശ്യത്തിനധികമുള്ള ഗുജറാത്ത് പോലുള്ള ഒരു സംസ്ഥാനത്ത് പതിനായിരക്കണക്കിന് സമരക്കാരെ അണിനിരത്തുന്നതിനും അക്രമ മാര്‍ഗങ്ങളിലൂടെ നഗരം പിടിച്ചടക്കാനും അനുവദിച്ചു. ആരാണ് ഹര്‍ദിക്ക് പട്ടേല്‍ എന്ന ഇരുപത്തിരണ്ടുകാരനു പിന്നില്‍ ചുക്കാന്‍ പിടിക്കുന്നത്?
ഒരു ഘട്ടത്തില്‍ ഗാന്ധിജിയും സംവരണത്തിനെതിരായിരുന്നു. സനാതന ഹിന്ദുവിന്റെ പുണ്യ-പവിത്ര ജീവിതചര്യയെ അനുകരണീയമെന്നു കണ്ട് സ്വയം ഏറ്റെടുത്ത അദ്ദേഹം, സാമുദായികാടിസ്ഥാനത്തിലുള്ള സംവരണം, ദളിതര്‍ക്കു വേണ്ടി ഏര്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാറിന്റെ തീരുമാനത്തെ ശക്തിയായി എതിര്‍ത്തു. മാത്രമല്ല, സംവരണം എടുത്തുകളയാന്‍ വേണ്ടി മരണം വരെ നിരാഹാരം പ്രഖ്യാപിക്കുകയും സത്യാഗ്രഹം തുടങ്ങുകയും ചെയ്തു. ലക്ഷക്കണക്കിന് അനുയായികളുടെ നേതൃത്വം ഏറ്റെടുത്ത അംബേദ്ക്കര്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് സ്വാഭാവികമായും എതിരായിരുന്നു. എന്നാല്‍, തന്റെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സമരത്തില്‍ പങ്കുകൊള്ളുന്ന ലക്ഷക്കണക്കിന് ദളിതരെ വഞ്ചിക്കുന്നു എന്ന ആക്ഷേപം വന്നാലും വേണ്ടില്ല; തങ്ങള്‍ സമരത്തില്‍ നിന്ന് തല്ക്കാലം മാറി നില്‍ക്കുകയാണെന്നും ഗാന്ധി നിരാഹാരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട അംബേദ്ക്കറുടെ നീക്കം വിസ്മയകരമായിരുന്നു. താങ്കളുടെ ജീവന്‍ ഏറ്റവും സുപ്രധാനമാണെന്നതിനാലാണ് ഞങ്ങളുടെ ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭം നീട്ടിവെച്ചുകൊണ്ട് ഗാന്ധിജിയുടെ ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കുന്നതെന്ന് അംബേദ്ക്കര്‍ വിശദീകരിക്കുകയും ചെയ്തു.
യഥാര്‍ഥ ദണ്ഡി മാര്‍ച്ചിനും റിവേഴ്‌സ് മാര്‍ച്ചിനും ഇടയിലുള്ള എണ്‍പത്തഞ്ച് വര്‍ഷത്തിനിടയില്‍, ഇന്ത്യയിലെന്തൊക്കെ സംഭവിച്ചു? അല്ലെങ്കില്‍ ഇപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്? ക്വിറ്റ് ഇന്ത്യാ സമരം, സ്വാതന്ത്ര്യലബ്ധിയും വിഭജനവും, ഗാന്ധിയെ നിഷ്ഠൂരമായി വധിച്ചത്, റിപ്പബ്ലിക്കിന്റെ സ്ഥാപനം, ഇന്ത്യന്‍ ഭരണഘടന, ഭാഷാസംസ്ഥാനങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പുകള്‍, അടിയന്തിരാവസ്ഥ, കോണ്‍ഗ്രസിന്റെ തോല്‍വികള്‍, മണ്ഡല്‍ കമ്മീഷന്‍, സംവരണവിരുദ്ധ കലാപങ്ങള്‍, രാമജന്മഭൂമി പ്രക്ഷോഭം, രഥയാത്രകള്‍, ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ, കോര്‍പ്പറേറ്റുകളുടെ വികസന രഥയാത്രകള്‍ – ഇന്ത്യ മുന്നോട്ടാണോ പിന്നോട്ടാണോ കുതിക്കുന്നത്/കിതക്കുന്നത്? ഗാന്ധി വധിക്കപ്പെട്ടതിന് സമാനമായി നരേന്ദ്ര ധാബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഇപ്പോള്‍ കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടിരിക്കുന്നു. കുറ്റാന്വേഷണം എവിടെയുമെത്തുന്നില്ല.
കാത്തിരുന്നു കാണുകയാണോ വേണ്ടത്? റിവേഴ്‌സ് ദണ്ഡി മാര്‍ച്ച് ഇന്ത്യയെ പിന്തിരിപ്പന്മാര്‍ക്ക് ആധിപത്യമുള്ള ശവപ്പറമ്പാക്കി മാറ്റാനുള്ള പ്രയത്‌നമാണെന്ന് ഉള്‍ക്കൊള്ളാന്‍ എന്താണ് മടി കാണിക്കുന്നത്? ശ്രീനാരായണ ഗുരുവിനെ വരെ ഇത്തരക്കാര്‍ പിടി കൂടിയിരിക്കുന്നു. സംവരണം ഇല്ലാതാക്കുന്നതിലൂടെ ദളിതരെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും വീണ്ടും തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളിവിടാമെന്നായിരിക്കും അവരുടെ മനസ്സിലിരിപ്പ്. ഇനിയും കണ്ണു തുറക്കാത്തവരും കാതു തുറക്കാത്തവരും ബോധം വീണ്ടെടുക്കുന്നത് നല്ലതാണ്.