Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: നവംബറില്‍ തന്നെ

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍. തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. ഒറ്റഘട്ടമായി ഏഴ് വീതം ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. കഴിയുന്നതും മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് നവംബര്‍ ആദ്യം തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ പരിശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക്കുകയായിരുന്നു കമ്മീഷണര്‍.
ഇതിനിടെ പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും രൂപവത്കരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി. ഇന്നലെ വൈകുന്നേരം ചേര്‍ന്ന വാര്‍ഡ് പുനര്‍ വിഭജന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് അന്തിമ ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി യോഗം അവസാനിച്ചതിന് തൊട്ടുപിറകെ വാര്‍ഡ് പുനര്‍ വിഭജന കമ്മിറ്റി യോഗം ചേര്‍ന്നത്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. തിരഞ്ഞെടുപ്പ് അടുത്ത മാസം വേണമെന്ന് എല്‍ ഡി എഫും ബി ജെ പിയും ആവശ്യപ്പെട്ടു. എന്നാല്‍, തിരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്നായിരുന്നു യു ഡി എഫ് നിലപാട്. ശബരിമല വ്രതാരംഭത്തിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശത്തിന്റെ പ്രായോഗികത കമ്മീഷന്‍ പരിശോധിക്കും. ഒക്‌ടോബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതു പാര്‍ട്ടികളും ബി ജെ പിയും ഉള്‍പ്പടെ ഒമ്പത് കക്ഷികള്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്നിനകം പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരുന്ന വിധം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സ്വീകരിച്ച നിലപാട്.
2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടത്തി നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരണമെന്നായിരുന്നു കമ്മീഷന്റെ നിലപാട്. എന്നാല്‍, പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാറിന്റെ ആവശ്യത്തിന് കമ്മീഷന്‍ വഴങ്ങുകയായിരുന്നു. പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും പുനഃക്രമീകരണം നടത്തിയ കൊല്ലം കോര്‍പറേഷനിലും പുതിയ വാര്‍ഡ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തും. ശേഷിക്കുന്ന 935 ഗ്രാമ പഞ്ചായത്ത്, 122 ബ്ലോക്ക് പഞ്ചായത്ത്, ഒരു ജില്ലാ പഞ്ചായത്ത്, നാല് കോര്‍പറേഷന്‍, 58 മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തിലും തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഒക്‌ടോബര്‍ 31 നാണ് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി തീരുന്നത്. ഭരണഘടന പ്രകാരം നവംബര്‍ ഒന്നിന് തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരണം. ഇതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ട്.
പുതുതായി മുനിസിപ്പാലിറ്റികള്‍ രൂപവത്കരിക്കുമ്പോള്‍ മുപ്പത് ബ്ലോക്ക് പഞ്ചായത്തുകള്‍ പുനഃക്രമീകരിക്കണം. ഇതിന് അനുബന്ധമായി തിരുവനന്തപുരം ഒഴികെയുള്ള പതിമൂന്ന് ജില്ലാ പഞ്ചായത്തുകളുടെയും ഡിവിഷനുകള്‍ വിഭജിക്കണം. അതിനുശേഷമേ ഈ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഇറക്കാന്‍ സാധിക്കൂ. ഇതിനുവരുന്ന കാലതാമസമാണ് തിരഞ്ഞെടുപ്പ് വൈകാന്‍ ഇടയാക്കുന്നത്. വാര്‍ഡ് പുനഃക്രമീകരണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് 14ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് തീയതി പ്രഖ്യാപിച്ചേക്കും.
മണ്ഡലകാലമായതിനാല്‍ ശബരിമല ഭക്തര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിഗണിക്കും. ഇനിയും പല വിഷയങ്ങളിലും സര്‍ക്കാറുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഏഴ് ജില്ലകള്‍ വീതം രണ്ട് ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ്. സുരക്ഷാക്രമീകരണം ഒരുക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണിത്. രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് വന്‍ ചെലവ് വരും. കൂടാതെ ആദ്യ വോട്ടെടുപ്പ് രണ്ടാമത്തെ വോട്ടെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പുതന്നെ വിജ്ഞാപനം പുറപ്പെടുവിക്കണം. അതിന് മുമ്പ് വാര്‍ഡ് പുനര്‍നിര്‍ണയമടക്കമുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണെങ്കിലും പുതിയ 28 മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം ഹൈക്കോടതി അംഗീകരിച്ചത് അവഗണിക്കാനാകില്ലെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest