അധ്യാപക ദിനത്തില്‍ പ്രതിഷേധവുമായി ഏകാധ്യാപകര്‍

Posted on: September 6, 2015 10:26 am | Last updated: September 6, 2015 at 10:26 am

കല്‍പ്പറ്റ: വയനാട് ജില്ലയിലെ 38 ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കാത്തതിലും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ജില്ലാ അധ്യാപക ദിനാഘോഷ പരിപാടി നടക്കുന്ന വേദിക്ക് മുന്നില്‍ ഏകാധ്യാപകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കഴിഞ്ഞ 19 വര്‍ഷമായി ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപനം നടത്തുന്ന അധ്യാപകര്‍ക്ക് 5000 രൂപ മാത്രമാണ് വേദനമായി ലഭിക്കുന്നത്. സമീപകാലങ്ങളിലായി ലഭിച്ചിരുന്ന ആനു കൂല്യങ്ങള്‍ കൂടി ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് സര്‍ക്കാരിത മേഖലയില്‍ കാലോചിതമായ വര്‍ദ്ധനവ് ഉണ്ടായപ്പോഴും മനുഷ്യവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും അടിസ്ഥാന ശമ്പളം നല്‍കാന്‍ ഉത്തരവിട്ടിട്ടും പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. വേതനം മുടങ്ങിയതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവതെ അധ്യാപകര്‍ നട്ടം തിരിയുകയാണ്. പ്രതിസന്ധികള്‍ നേരിടുന്ന ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കില്‍ കടുത്ത സമരവുമായി മുന്നോട്ട് പോകുമെന്ന് ഭരവാഹികള്‍ അറിയിച്ചു. പ്രതിഷേധ സമരം കണ്‍വീനര്‍ ഇ വി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെ വി ലീന, വനജ,റീന, രാമ ചന്ദ്രന്‍, റജീന എന്നിവര്‍ സംസാരിച്ചു.