Connect with us

Wayanad

ഓണക്കാലാവധി: വയനാട് വന്യജീവി സങ്കേതം സന്ദര്‍ശിച്ചത് അയ്യായിരത്തോളം പേര്‍

Published

|

Last Updated

മാനന്തവാടി: ഓണക്കാലാവധി നാളുകളില്‍ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിച്ചത് അയ്യായിരത്തോളം പേര്‍. ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് 1,30,248 രൂപയും ലഭിച്ചു.
ആഗസ്റ്റ് 22 മുതല്‍ 30 വരെയുള്ള കാലയലവിലാണ് ഇത്രയധികം സഞ്ചാരികള്‍ കാനന സഞ്ചാരം ആസ്വദിക്കാനായി എത്തിയത്. മുത്തങ്ങയില്‍ 2832 പേരാണ് സങ്കേതം സന്ദര്‍ശിച്ചത്. ഇതില്‍ 32 പേര്‍ വിദേശികളാണ്. വരുമാന ഇനത്തില്‍ 72021 രൂപ ലഭിച്ചപ്പോള്‍ തോല്‍പ്പെട്ടിയില്‍ 2101 പേര്‍ കാനന ഭംഗി നേരിട്ടറിഞ്ഞു. ഇതില്‍ 22 പേര്‍ വിേദശികളാണ്. വരുമാന ഇനത്തില്‍ 58,227 രൂപയും ലഭിച്ചു. ജില്ലയില്‍ തോല്‍പ്പെട്ടിയിലും മുത്തങ്ങയിലുമാണ് കാനന സവാരിയുള്ളത്. ജീപ്പുകളിലാണ് സങ്കേതത്തിനുള്ളിലെ ഏകദേശം 20കിലോമീറ്റര്‍ കോര്‍ സോണിലൂടെയുള്ള സഞ്ചാരം.
ജീപ്പിന് 600 രൂപയും മുതിര്‍ന്നവര്‍ക്ക് പ്രവേശന ഫീസായി 110 രൂപയും, സ്റ്റില്‍ ക്യാമറക്ക് 50 രൂപയും, വീഡിയോ ക്യാമറക്ക് 150 രൂപയുമാണ് ഫീസാടിക്കുന്നത്. വിദേശികള്‍ക്ക് ചാര്‍ജുകള്‍ ഇരട്ടിയാണ്. സഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി 60 വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വനത്തില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. ഇതിനായി ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 40 വാഹനങ്ങളെയും വൈകുന്നേരം 20 വാഹനങ്ങളെയുമാണ് കടത്തി വിടുക. രാവിലെ ഏഴുമുതല്‍ 10 വരേയും വൈകിട്ട് മൂന്നു മുതല്‍ അഞ്ച് വരെയുമാണ് പ്രവേശന സമയം. ഇ സി സി യില്‍ നിന്നുള്ള ഗൈഡിന്റെ സഹായവും ലഭ്യമാണ്. സംസ്ഥാനത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികളെ കൂടാതെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും സങ്കേതത്തില്‍ സന്ദര്‍ശിക്കാനെത്തുന്നത്.