Connect with us

Palakkad

ഷൈനയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

പാലക്കാട്: വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ തുടരന്വേഷണത്തിനായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയെ പാലക്കാട് ജില്ലാ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ ക്യുബ്രാഞ്ച് പോലീസിന്റെ പിടിയിലായപ്പോഴാണ് ഇവരില്‍ നിന്ന് സിംകാര്‍ഡ് കണ്ടുകെട്ടിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിംകാര്‍ഡ് ചിറ്റൂര്‍ തത്തമംഗലം സ്വദേശിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് വാങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി.
ഇയാളുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് പാലക്കാട് കല്‍മണ്ഡപത്തുള്ള കടയില്‍ നിന്ന് സിംകാര്‍ഡ് വാങ്ങിയിരുന്നത്. സംഭവത്തില്‍ സര്‍ട്ടിഫിക്കറ്റ് ഉടമ നല്‍കിയ പരാതി പ്രകാരം ടൗണ്‍ നോര്‍ത്ത് പോലീസാണ് ഷൈനയ്‌ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇവരില്‍ നിന്ന് കണ്ടുകെട്ടിയ സിംകാര്‍ഡിനൊപ്പം ജോഡിയായുള്ള രണ്ടാമത്തെ സിംകാര്‍ഡ് കണ്ടെടുക്കുന്നതിനും അത് ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയുന്നതിനും വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കുന്നതിനുമായാണ് ഷൈനയെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച പാലക്കാട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ടി വി അനില്‍കുമാര്‍ ഷൈനയെ ഈ മാസം ഏഴ് വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു.
അസുഖ ബാധിതയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഷൈനയ്ക്ക് വൈദ്യസഹായം ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാലക്കാട് ഡി വൈ എസ് പി പി ഡി ശശിയാണ് കേസന്വേഷിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി ജി ഹരിദാസും പ്രതി ഭാഗത്തിനു വേണ്ടി അഡ്വ: ജലജ മാധവനും ഹാജരായി.