ഗതാഗതക്കുരുക്കിന് പരിഹാരമായി നിലമ്പൂരില്‍ ലിങ്ക് റോഡ് തുറന്നു

Posted on: September 1, 2015 12:04 pm | Last updated: September 1, 2015 at 12:04 pm

നിലമ്പൂര്‍: നിലമ്പൂര്‍ ലിങ്ക് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഫഌഗ് ഓഫ് ചെയ്ത് വാഹനഗതാഗതത്തിനായി തുറന്നു നല്‍കി. രാഷ്ട്രീയം മറന്ന് നിലമ്പൂരുകാര്‍ ഒന്നിച്ചു നിന്നാല്‍ ഇതിനേക്കാള്‍ വേഗത്തില്‍ വികസന പദ്ധതി നടപ്പാക്കാനാവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൗണ്‍സില്‍ തീരുമാനത്തിന് വിധേയമായി ലിങ്ക് റോഡിന് ഡോ. അബ്ദുല്‍കലാമിന്റെ പേരു നല്‍കിയതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ്ബാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലോളി മെഹബൂബ്, മുജീബ് ദേവശേരി, ബസ് ഉടമസ്ഥ സംഘം താലൂക്ക് പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍, എം വി ഐ വി വി ഫ്രാന്‍സിസ്, മുന്‍ നിലമ്പൂര്‍ എസ് ഐ വി വി ബാബുരാജ്, എ ഗോപിനാഥ്, കെ ടി കുഞ്ഞാന്‍, എന്‍ വേലുക്കുട്ടി, പ്രഭാകരന്‍, കല്ലായി മുഹമ്മദാലി, രാജ്‌മോഹന്‍, ജോസ് സംബന്ധിച്ചു. കഴിഞ്ഞ മെയ് മാസം നിലമ്പൂരില്‍ മൂന്നു പി ഡബ്ലിയു ഡി റോഡുകളുടെ ഉദ്ഘാടനത്തിന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് നിലമ്പൂരില്‍ എത്തിയപ്പോള്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്താണ് പുതിയ ലിങ്ക് റോഡിന് പി ഡബ്ലിയു ഡി സ്ഥലം വിട്ടു നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് നഗരസഭ റോഡിനായുള്ള വിശദമായ റിപ്പോര്‍ട്ട് പി ഡബ്ലിയു ഡിക്ക് സമര്‍പ്പിച്ചു പരിശ്രമം തുടങ്ങി.
ഈ ആവശ്യം ഉന്നയിച്ച് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, പൊതുമരാമത്ത് മന്ത്രിക്ക് കത്തു നല്‍കകുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ അധീനതയിലുളള നിലമ്പൂര്‍ പി ഡബ്ലിയു ഡി റെസ്റ്റ് ഹൗസ് കെട്ടിടം ഉള്‍പ്പെടുന്ന സര്‍വ്വെ നമ്പര്‍ 243ന 11ല്‍ ഉള്‍പ്പെട്ട 23 സെന്റ് സ്ഥലമാണ് ലിങ്ക് റോഡ് നിര്‍മിക്കുന്നതിന് ഉപയോഗാനുമതി നല്‍കിയത്. ദിവസങ്ങള്‍ക്കം നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
നിലമ്പൂര്‍ ടൗണിലെ ഗതാഗതക്കുരുക്കഴിച്ച്് ടൗണിന്റെ മുഖച്ചായ മാറ്റുന്ന വികസനമാണ് പുതിയ ലിങ്ക് റോഡ്. ഇനി വി കെ റോഡിന് സമാന്തരമായി പോലീസ് സ്റ്റേഷന്‍ പടിയിലേക്ക്് വേഗത്തില്‍ എത്താനാകും. ചെട്ടിയങ്ങാടിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മുനിസിപ്പല്‍ ബസ് ടെര്‍മിനലില്‍ നിന്നും വരുന്ന കാളികാവ്, കരുളായി, വഴിക്കടവ് ഭാഗത്തേക്കുള്ള ബസുകള്‍ ലിങ്ക് റോഡ് വഴി കെ എന്‍ ജി റോഡിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. ഇത് ഗതാഗതക്കുരുക്കുണ്ടാക്കുമോ എന്നു പരിശോധിച്ച ശേഷം ട്രാഫിക് അഡൈ്വസറി കമ്മിറ്റിയാണ് ലിങ്ക് റോഡിലെ ഗതാഗത പരിഷ്‌ക്കാരം പ്രഖ്യാപിക്കുക.