Connect with us

Kozhikode

പ്രവാസി വോട്ട്: നിയമഭേദഗതി ഓര്‍ഡിനന്‍സായി ഇറക്കും- മന്ത്രി മുനീര്‍

Published

|

Last Updated

കോഴിക്കോട്: പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയും വിധത്തില്‍ നിയമഭേദഗതി ഓര്‍ഡിനന്‍സായി ഇറക്കുമെന്ന് സാമൂഹിക നീതി മന്ത്രി എം കെ മുനീര്‍. പ്രവാസി കൗണ്‍സില്‍ സംഘടിപ്പിച്ച “പ്രവാസി വോട്ടിന് എന്താണ് തടസ്സം” എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. എങ്കിലും നിയമഭേദഗതി എത്രയുംവേഗം കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുനീര്‍ പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് ജനപ്രാതിനിധ്യ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു കഴിഞ്ഞു. ഓരോ പ്രവാസിക്കും പാസ്‌പോര്‍ട്ടിലെ വിലാസത്തില്‍ പറയുന്ന മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയും. എന്നാല്‍ വോട്ട് എങ്ങനെ രേഖപ്പെടുത്തുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല.
മാത്രവുമല്ല നിലവിലെ നിയമത്തില്‍ ബാലറ്റിലൂടെയോ യന്ത്രത്തിലൂടെയോ നേരിട്ടു വന്ന് വോട്ട് രേഖപ്പെടുത്തുന്നതും പ്രോക്‌സി വോട്ടും ആണ് അംഗീകരിച്ചത്. പട്ടാള സേവനത്തിലുള്ളവര്‍ക്കാണ് പകരം ആളെ വെച്ച് വോട്ട് രേഖപ്പെടുത്താന്‍ പറ്റുന്നത്. ഇ- വോട്ടോ പ്രോക്‌സി വോട്ടോ പ്രവാസിക്ക് അനുവദിക്കാന്‍ നിയമഭേദഗതി വേണം. ഇതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ സുപ്രീംകോടതി സര്‍ക്കാറിന് അനുമതി നല്‍കിയിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനം കേരളത്തില്‍ തന്നെ എടുക്കാമായിരുന്നു. ഇതനുസരിച്ച് തീരുമാനം കൈക്കൊള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികൂല നിലപാടെടുക്കുകയായിരുന്നെന്ന് മുനീര്‍ കുറ്റപ്പെടുത്തി. പി എ ഇബ്‌റാഹിം ഹാജി, ഡോ. നീലലോഹിതദാസന്‍നാടാര്‍, ടി വി ബാലന്‍, പി ടി ആസാദ് പ്രസംഗിച്ചു.

Latest