Connect with us

National

കാല്‍ബുര്‍ഗിയുടെ കൊല: സി ഐ ഡി അന്വേഷണത്തിന് ഉത്തരവ്‌

Published

|

Last Updated

ബെംഗളൂരു: എഴുത്തുകാരന്‍ എം എം കാല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സി ഐ ഡി അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി ഉത്തരവിട്ടു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് പറഞ്ഞ സിദ്ധരാമയ്യ, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
രാവിലെ മുതല്‍ ധാര്‍വാഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടന്നു. ഫെബ്രുവരിയില്‍ സമാനമായി കൊല്ലപ്പെട്ട ഗോവിന്ദ് പന്‍സാരയുടെ അടുത്ത സുഹൃത്തായിരുന്നു ഇന്നലെ സ്വന്തം വസതിയില്‍ അക്രമികളുടെ വെടിയേറ്റ് മരിച്ച എം എം കാല്‍ബുര്‍ഗി. വിദ്യാര്‍ഥികളെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തിയ അക്രമികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിക്കും നെഞ്ചിനും തുരുതുരെ വെടിവെച്ച് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച കല്‍ബുര്‍ഗി അവിടെ വെച്ചാണ് മരിച്ചത്. കുറ്റക്കാര്‍ ആരാണെന്നറിയില്ലെന്നും എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരായിരുന്നാലും പിടികൂടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അക്രമികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്വര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂവെന്നും എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹുബ്ലി- ധര്‍വാദ് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം കേസന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി ബി ഐയോട് ശിപാര്‍ശ ചെയ്തു.

Latest