പൂരനഗരിയില്‍ പുലി ഗര്‍ജനം

Posted on: August 31, 2015 9:55 pm | Last updated: August 31, 2015 at 9:55 pm
SHARE

plot3
തൃശൂര്‍: ഓണാഘോഷത്തിന് പര്യവസാനം കുറിച്ച് സാസ്‌കാരിക നഗരിയില്‍ പുലിക്കൂട്ടമിറങ്ങിയതോടെ തേക്കിന്‍കാട് മൈതാനവും പരിസരവും അക്ഷരാര്‍ഥത്തില്‍ കൊടും വനമായി. മടകള്‍ വിട്ടിറങ്ങിയ പുലിക്കൂട്ടം കൂടി നിന്ന പതിനായിരങ്ങളെ വകഞ്ഞുമാറ്റി സമാപന നഗരിയിലേക്കെത്തുമ്പോഴേക്കും രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു.
അരയില്‍ ചിലങ്കയുടെ മണിനാദവുമേന്തി ശരീരമാസകലം പുലി നിറവും പൂശി കുട വയര്‍ കുലുക്കി പുലി മുഖം അണിഞ്ഞ് എട്ട് ദേശങ്ങളില്‍ നിന്നായി 400 കണക്കിന് പുലികളാണ് ഇന്നലെ ഉച്ചക്ക് മൂന്നോടെ മടകള്‍ വിട്ട് നഗരത്തില്‍ പ്രവേശിച്ചത്. വൈകുന്നേരം അഞ്ചിന് റൗണ്ടില്‍ പ്രവേശിച്ച പുലികള്‍ രാത്രി ഏറെ വൈകിയും നഗരത്തിലുണ്ടായിരുന്നു.

puli 2015 kootam2
പുലിക്കളി വീക്ഷിക്കാന്‍ വിദേശികളുള്‍പ്പെടെ ആയിരങ്ങള്‍ രാവിലെയോടെ നഗരത്തിലെത്തിയിരുന്നു. ഉച്ച മുതല്‍ സ്വരാജ് റൗണ്ട് ഭാഗത്തേക്ക് വാഹനങ്ങളെയൊന്നും കടത്തിവിട്ടില്ല. പുലിക്കളി വീക്ഷിക്കാനെത്തിയവര്‍ ആവേശം കാട്ടിയത് നിയമപാലകരെ കുഴക്കി. ചുറ്റും കയര്‍ പിടിച്ചാണ് കാണികളെ പോലീസ് നിയന്ത്രിച്ചത്. വിവിധ ദേശക്കാരുടെ നിശ്ചല ദൃശ്യങ്ങള്‍ തെരുവിലെത്തിയതോടെ ഫോട്ടോയെടുക്കാന്‍ കാണികള്‍ ധൃതി കാട്ടിയത് പോലീസിന് തലവേദനയായി.
.
കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റര്‍, പടിഞ്ഞാറേക്കോട്ട എന്നീ ടീമുകള്‍ നടുവിലാല്‍ വഴിയും മൈലിപ്പാടം, ചേറൂര്‍ സ്റ്റാര്‍ ക്ലബ്ബ്, എന്നിവര്‍ പാലസ് റോഡ് വഴിയും നായ്ക്കനാല്‍, പൂങ്കുന്നം ദേശക്കാര്‍ ഷൊര്‍ണൂര്‍ റോഡ് വഴിയും പൂത്തോള്‍ ദേശക്കാര്‍ കുറുപ്പം റോഡ് വഴിയുമാണ് നഗരത്തിലെത്തിയത്. പുലിക്കളി കാണാന്‍ എത്തിയ വിശിഷ്ടാതിഥികള്‍ക്കും വിദേശികള്‍ക്കും തൃശൂര്‍ കോര്‍പ്പറേഷന്‍ നടുവിലാല്‍ ജംഗ്ഷനില്‍ പ്രത്യേക ഇരിപ്പടം ഒരുക്കിയിരുന്നു.