മണ്ണിനോട് വിട ചൊല്ലുന്ന കര്‍ഷകന്‍

Posted on: August 31, 2015 7:24 pm | Last updated: August 31, 2015 at 7:24 pm
SHARE

അടിസ്ഥാനപരമായി ഇന്ത്യ ഒരു കാര്‍ഷിക രാഷ്ട്രം തന്നെയാണ്. സാങ്കേതിക, വ്യവസായിക വികസനത്തിന്റെ വഴിയില്‍ രാജ്യം കുതിക്കുമ്പോഴും സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലകൊള്ളുന്നത് കാര്‍ഷിക മേഖലയാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കാലം തെറ്റിയ മഴയും അതിവര്‍ഷവും വരള്‍ച്ചയുമെല്ലാം നമ്മുടെ സാമ്പത്തിക സൂചകങ്ങളെ ഇത്രമേല്‍ സ്വാധീനിക്കുന്നത് തന്നെ ഈ വസ്തുതക്കുള്ള തെളിവാണ്. മനുഷ്യ ശേഷിയാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. അതുപോലെ ജൈവപരവും പ്രകൃതിപരവുമായ വൈവിധ്യവും രാജ്യത്തെ ശക്തമാക്കുന്നു. വന്‍കിട വ്യാവസായിക രാഷ്ട്രങ്ങള്‍ വികസനത്തിന്റെ പാരമ്യത്തില്‍ നിന്ന് മുരടിപ്പിലേക്ക് നീങ്ങുമ്പോള്‍ വരും കാലം ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളുടേതാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനവും ഈ ശക്തി തന്നെയാണ്. ഗ്രാമത്തിലേക്ക് മടങ്ങുകയെന്ന ഗാന്ധിജിയുടെ ആഹ്വാനത്തിന്റെ പൊരുളും മറ്റൊന്നല്ല. എന്നാല്‍, നവ ഉദാരീകരണ സാമ്പത്തിക നയങ്ങളും വികസന മുന്‍ഗണനകളും മണ്ണിനെ മറക്കുകയും കാര്‍ഷിക വൃത്തിയില്‍ പ്രതീക്ഷ വേണ്ടെന്ന അവബോധം സൃഷ്ടിക്കുകയുമാണ്. കര്‍ഷകനെ അവന്റെ സ്വാഭാവിക ഉപജീവന മാര്‍ഗങ്ങളില്‍ നിന്നും കൃഷി ഭൂമിയില്‍ നിന്നും പിഴുതെറിഞ്ഞാണ് വ്യവസായവത്കരണത്തിന് പാതയൊരുക്കുന്നത്. ആരോപണപ്രത്യാരോപണങ്ങളുടെ ബഹളം സൃഷ്ടിച്ച ഭൂമിയേറ്റെടുക്കല്‍ ബില്‍ അടക്കമുള്ള നിയമ നിര്‍മാണങ്ങളിലെല്ലാം ഒളിഞ്ഞിരിക്കുന്നത് ഈ വശം ചെരിഞ്ഞ മുന്‍ഗണനയാണ്. വ്യവസായവത്കരണവും കാര്‍ഷിക വികാസവും പരസ്പര പൂരകമായ ഒന്നാണെന്ന് തിരിച്ചറിയാന്‍ നമ്മുടെ ഭരണാധികാരികള്‍ പലപ്പോഴും തയ്യാറാകുന്നില്ല. ഇതിന്റെ ഫലമായി ആയിരക്കണക്കായ കര്‍ഷകര്‍ ആ തൊഴില്‍ ഉപേക്ഷിച്ച് ഉപജീവനത്തിനായി തനിക്ക് അപരിചിതമായ മേഖലയിലേക്ക് ചുവടുമാറുകയാണ്. ഈ ഞെട്ടിക്കുന്ന വസ്തുതയുടെ തെളിവാണ് മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലയെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയില്‍ ജീവിതം വഴിമുട്ടിയ രണ്ട് ലക്ഷം കര്‍ഷകര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കൃഷി ഉപേക്ഷിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കാര്‍ഷിക സെന്‍സസ് വ്യക്തമാക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും നഷ്ടവുമാണ് പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കൂടാതെ വ്യവസായവത്കരണത്തിന്റെ ഭാഗമായി കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ടതും ഗതാഗത സൗകര്യത്തിനും മറ്റുമായി കൃഷി ഭൂമി ഉപയോഗിച്ചപ്പോള്‍ പാടങ്ങള്‍ ഛിന്നഭിന്നമായതും ഇവരെ കൃഷിയില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2010-11 ലെ കാര്‍ഷിക സെന്‍സസ് അനുസരിച്ച് 1.36 കോടി കര്‍ഷകരാണ് മഹാരാഷട്രയില്‍ ഉണ്ടായിരുന്നത്. 2005- 2006ല്‍ 1.37 കോടി കര്‍ഷകര്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 1.35 കോടി കര്‍ഷകര്‍ മാത്രമാണെന്ന് സംസ്ഥാന കാര്‍ഷിക, റവന്യൂ മന്ത്രി ഏക്‌നാഥ് ഖദ്‌സേ പറയുന്നു. 2010-11ല്‍ 2,00,05,000 ഹെക്ടര്‍ കൃഷി ഭൂമി ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1,97,67,000 ഹെക്ടര്‍ ഭൂമിയില്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്തയില്‍ ചോര പടര്‍ത്തിയ വിദര്‍ഭ മഹാരാഷ്ട്രയിലാണ്. കര്‍ഷകര്‍ക്ക് മനസ്സുറപ്പില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞ് ഖദ്‌സേയെപ്പോലുള്ളവര്‍ക്ക് കൈകഴുകാം. അത് പക്ഷേ ഹ്രസ്വകാലത്തേക്ക് മാത്രം. ഉണ്ണാനില്ലാതെ വലയുന്ന സ്ഥിതിയിലേക്ക് രാജ്യം കൂപ്പുകുത്തിയാല്‍ ഇങ്ങനെ വാചകമടിക്കാനാകില്ല. ഇപ്പോള്‍ തന്നെ നമ്മുടെ വ്യാപാര ശിഷ്ടം അപകടകരമായ നിലയിലാണ്. പെട്രോളിയം ഉത്പന്നങ്ങളുടെയും നിരവധി നിര്‍മിത വസ്തുക്കളുടെയും ഇറക്കുമതി മൂല്യം നമ്മുടെ കയറ്റുമതി മൂല്യത്തെ മറികടന്ന് കുതിക്കുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്താണ് ഗണ്യമായ വിദേശനാണ്യം കൈവരിക്കുന്നത്. ഈയവസ്ഥയില്‍ ഭക്ഷണവും ഇറക്കുമതി ചെയ്യേണ്ടി വന്നാല്‍ രാജ്യത്തിന്റെ ഗതിയെന്താകും? മഹാരാഷ്ട്രയുടെ അനുഭവം അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. വികസനക്കുതിപ്പില്‍ കൃഷി ഭൂമികള്‍ വന്‍തോതില്‍ നികത്തപ്പെടുന്നതിന്റെ വേദന പരന്നൊഴുകുന്ന നാടാണല്ലോ കേരളം. ഇവിടെ കൃഷിയെ ആഘോഷപൂര്‍വം തിരിച്ചു കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറും സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ടെങ്കിലും ക്യാമറക്കു മുന്നില്‍ ഇത്തിരി പച്ചക്കറിയുമായി പോസ് ചെയ്യുന്നതില്‍ ആ ദൗത്യങ്ങള്‍ ഒടുങ്ങുകയാണ്.
കര്‍ഷകന്റെ വിയര്‍പ്പിന് വിലയുണ്ടാകുന്ന വിപണി സംവിധാനങ്ങളുണ്ടാകാത്തിടത്തോളം അവന്‍ മണ്ണിനോട് വിട പറഞ്ഞു കൊണ്ടിരിക്കും. അവധി വ്യാപാരമടക്കമുള്ള കുതന്ത്രങ്ങളിലേക്കാണ് അവന്റെ ഉത്പന്നങ്ങള്‍ ചെല്ലുന്നത്. ജലസേചന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ മുടക്കുന്ന പണം എതൊക്കെയോ കീശയിലേക്ക് ഒഴുകുമ്പോള്‍ കാലാവസ്ഥാ മാറ്റത്തിന് മുന്നില്‍ കര്‍ഷകന്‍ നിസ്സഹായനാകുന്നു. കഴുത്തറപ്പന്‍ പലിശക്ക് വാങ്ങിയ പണമിറക്കിയാണ് അവന്‍ വിത്തിറക്കുന്നത്. കുരുക്കിലേക്ക് അവന്‍ കഴുത്തു നീട്ടിക്കൊടുക്കുന്നു. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും ആകാം. അതിന്റെ പകുതിയെങ്കിലും നടപ്പാകണമെന്ന് മാത്രം. രാജ്യത്തിന്റെ ഭരണ സംവിധാനം ഇനിയെങ്കിലും ആത്മാര്‍ഥത കാണിച്ചില്ലെങ്കില്‍ മണ്ണിന്റെ മനസ്സറിഞ്ഞ കര്‍ഷകര്‍ നഗരത്തില്‍ വിയര്‍ത്ത്, മുഷിഞ്ഞ് അലഞ്ഞു കൊണ്ടേയിരിക്കും.