സൂഫി പണ്ഡിതരുടെ പ്രവര്‍ത്തനം മാനവ സമൂഹത്തിന് നേട്ടമുണ്ടാക്കും: മോദി

Posted on: August 31, 2015 11:18 am | Last updated: September 1, 2015 at 12:35 am
SHARE
അഖിലേന്ത്യാ സുന്നി സംഘടനാ നേതാക്കള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍. അഖിലേന്ത്യാ മശാഇഖ് ബോര്‍ഡിന്റെ ലോഗോ മോദിക്ക് കൈമാറുന്നു.
അഖിലേന്ത്യാ സുന്നി സംഘടനാ നേതാക്കള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍. അഖിലേന്ത്യാ മശാഇഖ് ബോര്‍ഡിന്റെ ലോഗോ മോദിക്ക് കൈമാറുന്നു.

ന്യൂഡല്‍ഹി: സൂഫി പരമ്പരയിലെ പണ്ഡിതരുടെ പ്രവര്‍ത്തനം മാനവ സമൂഹത്തിന് നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതാനുഷ്ഠാനങ്ങള്‍ ഏതുമായിക്കോട്ടെ പക്ഷേ, സൂഫി പരമ്പരയെ മനസ്സിലാക്കണമെന്നാണ് മറ്റുള്ളവരോട് തനിക്ക് പറയാനുള്ളതെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പണ്ഡിത സംഘവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു മോദി. സൂഫി പരമ്പര സ്‌നേഹവുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. അവര്‍ ഈ സ്‌നേഹ സന്ദേശം വിദൂരസ്ഥലങ്ങളില്‍ വരെ എത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് സൂഫി പരമ്പരയിലെ പണ്ഡിതരെ കണ്ടുമുട്ടാനുള്ള അവസരം ലഭിച്ചു. അവര്‍ പറയുന്ന കാര്യങ്ങളും അവരുടെ കാര്യങ്ങളും കേള്‍ക്കാനുള്ള അവസരം കിട്ടി. ഒരുതരത്തില്‍ ഒരു സംഗീതം പൊഴിയുന്ന പോലെ ആയിരുന്നു അത്. അവരുടെ ശബ്ദവിന്യാസങ്ങളിലും, അവരുടെ സംഭാഷണശൈലിയിലും പ്രകടമായത് സൂഫി പരമ്പരയില്‍ കാണപ്പെടുന്ന ഉദാരതയും സൗമ്യതയുമാണ്. അതില്‍ സംഗീതത്തിന്റെ താളലയങ്ങളായിരുന്നു. അവരുടെ എല്ലാ അനുഭൂതികളും ഈ പണ്ഡിതരില്‍ നിന്ന് എനിക്ക് ലഭിച്ചു. ലോകത്തിന് ഇസ്‌ലാമിന്റെ ശരിയായ സ്വരൂപത്തെ ശരിയായ രൂപത്തില്‍ എത്തിക്കുക വളരെയേറെ അത്യാവശ്യമായ ഘട്ടത്തില്‍ ഈ പണ്ഡിതരുടെ വാക്കുകള്‍ നല്ലതായി തോന്നി. സൂഫി പരമ്പര സ്‌നേഹവുമായും ഉദാരതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള ബുദ്ധപരമ്പരയിലുള്ള പണ്ഡിതന്‍മാരുമായി ഇനി അടുത്ത ദിവസം ബോധഗയയില്‍ ചര്‍ച്ച നടത്തും. മാനവസമൂഹമുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്യും. അതില്‍ പങ്കെടുക്കാനുള്ള ക്ഷണം എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തില്‍ ഉടലെടുത്ത സംഭവങ്ങള്‍, ഹിംസയുടെ താണ്ഡവം, ദേശവാസികളെ മുഴുവന്‍ അസ്വസ്ഥരാക്കുന്നതാണ്. ഗാന്ധിയുടെയും സര്‍ദാറിന്റെയും ഭൂമിയില്‍ എന്തെങ്കിലുമൊക്കെ നടന്നാല്‍ നമ്മുടെ നാടിനെ വേദനിപ്പിക്കുകയും, വിഷമിപ്പിക്കുകയും ചെയ്യും. എന്നാല്‍, വളരെ കുറഞ്ഞ ഒരു സമയം കൊണ്ടുതന്നെ അത്തരം പരിത സ്ഥിതികളെ നിയന്ത്രണവിധേയമാക്കി. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയുന്നതിനായി ക്രിയാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും വീണ്ടും ഒരിക്കല്‍ക്കൂടെ ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗം ഗുജറാത്തില്‍ ഉണ്ടാകുകയും ചെയ്തു. ശാന്തിയും സമാധാനവും ഐക്യവും സാഹോദര്യത്തിന്റെ ശരിയായ വഴികളാണ്. പുരോഗമനത്തിന്റെ മാര്‍ഗത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് നമുക്ക് പോകേണ്ടതായിട്ടുണ്ട്. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് ഒരേ ഒരു പോംവഴി വികസനമാണെന്നും മോദി പറഞ്ഞു.