ടിക്കറ്റ് നിരക്ക് 50,000 മുകളില്‍; ഗള്‍ഫിലേക്ക് മടങ്ങാനാകാതെ പ്രവാസികള്‍

Posted on: August 31, 2015 5:50 pm | Last updated: August 31, 2015 at 6:08 pm
SHARE

sds11111d
അബുദാബി: നാട്ടിലേക്ക് വേനലവധിക്ക് പോയ പ്രവാസികള്‍ ഗള്‍ഫിലേക്ക് മടങ്ങാന്‍ വിമാനടിക്കറ്റ് കിട്ടാതെ വലയുന്നു. കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് 50,000 രൂപയാണ് ശരാശരി നിരക്ക്. ഗള്‍ഫില്‍ വേനലവധി കഴിഞ്ഞ് ഇന്നലെ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലും പല കുട്ടികളും എത്തിയിട്ടില്ല.
കോഴിക്കോട് അബുദാബി റൂട്ടില്‍ എയര്‍ ഇന്ത്യയുടെ നിരക്ക് 35,644ഉം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 39,353 ഉം ജെറ്റ് എയര്‍വേഴ്‌സിന് 55,642 ഇത്തിഹാദ് എയര്‍വേഴ്‌സിന് 42,557 മാണ്. ജെറ്റ് എയര്‍വേഴ്‌സിന്റെ ബിസിനസ് ക്ലാസിന് 58,078 മുതല്‍ 63,755 വരെയാണ് നിരക്ക്. ഖത്തര്‍ എയര്‍വേഴ്‌സിന് 74,496 നല്‍കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പോലും 45,000 രൂപയുടെ മുകളിലാണ് നിലവിലുള്ള നിരക്ക്.
ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധന വരുന്നത് കേരള-ഗള്‍ഫ് സെക്ടറിലാണെന്നതാണ് ശ്രദ്ധേയം. 200 രാഷ്ട്രങ്ങളില്‍ പരന്ന് കിടക്കുന്ന പ്രവാസികളില്‍ 60 ശതമാനവും ഗള്‍ഫിലാണ്. യു എ ഇയില്‍ മാത്രം 25 ലക്ഷം ഇന്ത്യക്കാരുള്ളപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 70 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് തൊഴിലെടുക്കുന്നത്. വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളക്കെതിരെ ഓരോ പ്രവാസിയും സ്വയം പ്രതിഷേധിച്ച് സമാധാനിക്കുകയാണ്, മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്തതിനാല്‍.