ഈജിപ്തില്‍ ശൈഖ് സായിദിന്റെ വെങ്കല പ്രതിമ

Posted on: August 31, 2015 5:45 pm | Last updated: August 31, 2015 at 5:45 pm
SHARE

shaikh zayedദുബൈ: ഈജിപ്തില്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന് വെങ്കല പ്രതിമ. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോവിലെ പടിഞ്ഞാറ് ഭാഗത്ത് നഗരത്തിന്റെ പ്രവേശന കവാടത്തിലാണ് ആറ് ടണ്‍ ഭാരമുള്ള പ്രതിമ സ്ഥാപിക്കുക. ഈജിപ്തിന് ശൈഖ് സായിദ് നല്‍കിയ നിരന്തരമായ പിന്തുണ മാനിച്ചാണ് ഇതെന്ന് ഈജിപ്തിലെ ഭവന കാര്യ മന്ത്രി മുസ്തഫ മദ്ബൂലി പറഞ്ഞു. പ്രധാനമന്ത്രി ഇബ്‌റാഹീം മെഹ്‌ലിബിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിമ നിര്‍മിച്ചത്. ശൈഖ് സായിദിന്റെ പേരില്‍ ഇവിടെ പ്രത്യേക പട്ടണം തന്നെ അറിയപ്പെടുന്നുണ്ട്.

7.25 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. യു എ ഇ നേതാവിന്റെ ആദ്യത്തെ പ്രതിമയാണിത്. ഈജിപ്ത കലാകാരന്‍ ഇസാം ദര്‍വീശ് ആണ് ഇത് രൂപകല്‍പന ചെയ്തത്. 1995 ലാണ് ശൈഖ് സായിദ് സിറ്റി കെയ്‌റോവില്‍ ആരംഭിച്ചത്. അബുദാബിയുടെ ധനസഹായത്തോടെയായിരുന്നു വികസനം. ശൈഖ് സായിദ് ഈജിപ്തിന് പല സഹായങ്ങളും ചെയ്തിരുന്നു. 1973ല്‍ ഇസ്‌റാഈലിനെതിരെയുള്ള യുദ്ധത്തിലും ഈജിപ്തിനെ യു എ ഇ സഹായിച്ചിട്ടുണ്ട്.