Connect with us

Gulf

തിരക്കുകള്‍ക്കിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

|

Last Updated

വേനലവധി കഴിഞ്ഞു വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് അബുദാബി പോലീസ്
ഉപഹാരങ്ങള്‍ നല്‍കിയപ്പോള്‍

വേനലവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറന്നതോടെ എങ്ങും തിരക്ക്. തെരുവുകളില്‍, കമ്പോളങ്ങളില്‍, കളിസ്ഥലങ്ങളില്‍ എന്നിവിടങ്ങളിലൊക്കെ ആരവങ്ങളുണ്ട്. നാട്ടില്‍പോയ കുടുംബങ്ങള്‍ മടങ്ങിവന്നതും ഓണാഘോഷങ്ങള്‍ തുടരുന്നതും സമൂഹത്തെ വലിയ തോതില്‍ ചലനാത്മകമാക്കുന്നു.
എന്നാല്‍, വിദ്യാലയങ്ങള്‍ തുറന്നതോടെ, ഗതാഗതക്കുരുക്ക് ശക്തിപ്പെട്ടത് വാഹനം ഓടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നു. ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ നിരവധി ബോധവത്കരണവും വികസന പ്രവര്‍ത്തനവും നടത്തിയെങ്കിലും ചില ഡ്രൈവര്‍മാരുടെ സമീപനം പിന്നെയും സ്ഥിതി വഷളാക്കുകയാണ്. വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്തും വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങുന്ന നേരങ്ങളിലും പലയിടത്തും ഗതാഗതക്കുരുക്ക് ശക്തം. ഒഴുക്കോടെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന സ്ഥലങ്ങളിലും ഇഴഞ്ഞു നീങ്ങുന്ന കാഴ്ച. ഷാര്‍ജയിലാണ് ഇത് കൂടുതല്‍. ചിലപ്പോള്‍ “ചക്രവ്യൂഹ”ത്തില്‍പ്പെട്ട അവസ്ഥ സംജാതമാകാറുണ്ടെന്ന്, നിയമം തെറ്റിക്കരുതെന്ന് നിഷ്ഠയുള്ള ഡ്രൈവര്‍മാര്‍ സങ്കടപ്പെടുന്നു.
ഡ്രൈവര്‍മാര്‍ കുറുക്കുവഴി തേടുന്നതാണ് പലപ്പോഴും പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. ഗതാഗത നിയമലംഘനം നടത്തിയാല്‍ കനത്ത പിഴയും കറുത്ത പോയിന്റും ലഭിക്കുമെന്ന് കണക്കിലെടുക്കാതെ തോന്നിയപോലെയാണ് വാഹനം ഓടിക്കുന്നത്. വരിമാറുമ്പോള്‍ “സിഗ്നല്‍” നല്‍കാന്‍ പോലും കൂട്ടാക്കാത്ത ഡ്രൈവര്‍മാരുണ്ട്. ഇങ്ങനെ വാഹനം കുത്തിക്കയറ്റുന്നതോടെ, ഗതാഗതം താറുമാറാകുന്നു.
വാഹനം ഓടിക്കുമ്പോള്‍ ഹാന്‍ഡ്‌സ് ഫ്രീ ആയിപ്പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റോഡില്‍ നിന്നുള്ള ശ്രദ്ധ തെറ്റാനത് കാരണമാകും. അമിതവേഗവും മൊബൈല്‍ സംസാരവുമാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
വാഹനങ്ങള്‍ പെരുകുന്നതിനനുസൃതമായ പശ്ചാത്തല സൗകര്യങ്ങള്‍ വികസിക്കുന്നില്ലെന്നതാണ് ലോകത്തെവിടെയുമുള്ള പ്രശ്‌നം. അത് കണക്കിലെടുക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കുറെക്കൂടി ജാഗ്രത കാട്ടേണ്ടതുണ്ട്.
വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ അധികൃതര്‍ വ്യാപക ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ് ശൈഖ് സായിദ് റോഡില്‍ ബസുകള്‍ കൂട്ടിമുട്ടി 42 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദുബൈ വിമണ്‍സ് കോളജില്‍ നിന്നുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഒരു കാര്‍ പൊടുന്നനെ വരിമാറിയതാണ് സംഭവത്തിന് കാരണം.
കിന്റര്‍ഗാര്‍ട്ടനുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ പരിചരിക്കണം. കനത്ത ചൂടാണ് ഇപ്പോഴുള്ളത്. മുതിര്‍ന്നവര്‍ക്കുപോലും താങ്ങാന്‍ കഴിയുന്നില്ല. കുഞ്ഞുങ്ങളെ തുറസായ സ്ഥലത്ത് വിടാതിരിക്കുന്നതാണ് ഉത്തമം. വാഹനത്തില്‍ ഉപേക്ഷിക്കപ്പെട്ട് നിരവധി ദുരന്തങ്ങള്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. അത് ആ കുടുംബങ്ങള്‍ക്കു മാത്രമല്ല, സമൂഹത്തിനും തീരാ ദുഃഖമാണ്.

---- facebook comment plugin here -----

Latest