വാര്‍ഡ് വിഭജനം ഒക്‌ടോബര്‍ 17ന് പൂര്‍ത്തിയാക്കും; വോട്ടെടുപ്പ് നവംബറില്‍

Posted on: August 31, 2015 1:43 pm | Last updated: September 1, 2015 at 5:26 pm
SHARE

electionകൊച്ചി: ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വിധത്തില്‍ ക്രമീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും സര്‍ക്കാറിനെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ പി മുഹമ്മദ് ഹനീഷാണ് ഹര്‍ജി സമര്‍പ്പിച്ചത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ 17നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും നവംബര്‍ 24ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തി 28ന് വോട്ടെണ്ണമെന്നും . ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കി.
ജില്ലാപഞ്ചായത്തുകളുടെ പട്ടിക ഒക്ടോബര്‍ 16നകം പൂര്‍ത്തിയാക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ അന്തിമ പട്ടിക ഈമാസം 14ന് പുറത്തിറക്കും. ഒക്ടോബര്‍ 19ന് വിജ്ഞാപനം പുറത്തിറക്കുമെന്നും കോടതിയെ അറിയിച്ചു. നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും തമ്മില്‍ ധാരണയായിരുന്നു.
സര്‍ക്കാറിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം കണക്കിലെടുത്ത് കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. വാര്‍ഡ് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ മൂന്നിന് വാദം കേള്‍ക്കാനാണ് കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാനത്ത് പുതിയ 25 നഗരസഭകള്‍ രൂപവ്തകരിച്ച സര്‍ക്കാര്‍ നടപടി സിംഗിള്‍ ബഞ്ച് ശരിവെച്ചിട്ടുള്ളതിനാല്‍ ഈ നഗരസഭയിലും ഒരു കോര്‍പറേഷനിലും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ നടത്തേണ്ടതുണ്ട്. 28 നഗരസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ആറ് ഗ്രാമപഞ്ചായത്തുകളുടെയും 30 ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ജില്ലാ പഞ്ചായത്തുകളുടെയും വിഭജനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിഭജനത്തിന് മുമ്പ് ജനങ്ങളുടെ ആക്ഷേപങ്ങളും മറ്റും പരിഗണിക്കേണ്ടതിനാല്‍ നിലവിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകും മുമ്പ് തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്ന് സര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
28 നഗരസഭകളുടെ രൂപവത്കരണം സിംഗിള്‍ ബഞ്ച് അംഗീകരിച്ച സാഹചര്യത്തില്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം ഇവിടങ്ങളിലും തിരഞ്ഞെടുപ്പ് നടത്തേണ്ട ബാധ്യത സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമുണ്ടെന്നും തിരഞ്ഞെടുപ്പ് ഒരു ഘട്ടത്തില്‍ നടത്തുകയെന്നതാണ് ഉചിതമെന്നും രണ്ട് ഘട്ടമായി നടത്തുന്നത് സര്‍ക്കാറിന് കനത്ത സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുമുണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ 24ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുകയും വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ നടപടിക്രമങ്ങള്‍ നവംബര്‍ 30ന് മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കാന്‍ കഴിയുന്ന തരത്തില്‍ നടപടികള്‍ ക്രമീകരിക്കാന്‍ നിശ്ചയിച്ചതായും സര്‍ക്കാര്‍ ബോധിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒക്‌ടോബര്‍ 16ന് മാത്രമേ ആരംഭിക്കാനാമൂവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അഭിപ്രായം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ അസാധാര സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പുതിയ ഭരണ സമിതികള്‍ ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ക്രമീകരിക്കാന്‍ കോടതി അനുമതി തേടാന്‍ യോഗം നിശ്ചയിച്ചതായും സര്‍ക്കാര്‍ വിശദീകരിച്ചു.
2010 സമാന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നത് ഒഴിവാക്കാന്‍ ഒരു മാസം നീട്ടിവെക്കാന്‍ കോടതി അനുവദിച്ചതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ ആവശ്യത്തിന്മേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാറിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നത്. വാര്‍ഡ് പുനര്‍വിഭജനം റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു.
ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here