പ്രധാനമന്ത്രി രാജിവെക്കണം: മലേഷ്യയില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍

Posted on: August 30, 2015 10:14 am | Last updated: August 30, 2015 at 10:14 am
SHARE

395611-29-8-2015-d-gh2-oക്വലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടി. മില്യന്‍ കണക്കിന് ഡോളര്‍ സ്വന്തം പേരില്‍ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജിക്കായുള്ള മുറവിളി ഉയര്‍ന്നിരിക്കുന്നത്. ക്വലാലംപൂര്‍ നഗരത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ ക്യാമ്പ് ചെയ്ത് രാജിക്ക് വേണ്ടി പോരാട്ടം നടത്താനും പ്രതിഷേധക്കാര്‍ തയ്യാറായി.
ഇന്നലെ തലസ്ഥാനമായ ക്വലാലംപൂരിലെ അഞ്ച് സ്ഥലങ്ങളില്‍ മഞ്ഞ ടീ ഷര്‍ട്ട് ധരിച്ചെത്തിയ പതിനായിരങ്ങള്‍ നജീബ് റസാഖ് രാജിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. രാജിക്ക് പുറമെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ പല നിര്‍ദേശങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം വരെ നീളുന്ന പ്രതിഷേധ പരിപാടികളാണ് പ്രതിഷേധക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ 58ാമത് ദേശീയ ദിനം നാളെ നടക്കാനിരിക്കെയാണ് പ്രതിഷേധം ആളിക്കത്തിയിരിക്കുന്നത്. ക്വലാലംപൂര്‍ നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. പ്രതിഷേധക്കാരും സുരക്ഷാ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സാധ്യതകള്‍ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. നഗരത്തിലെ ചത്വരത്തിലേക്കുള്ള റോഡുകള്‍ സുരക്ഷാ പോലീസ് ഇപ്പോള്‍ തന്നെ സീല്‍ ചെയ്തിട്ടുണ്ട്. 2011ലും 2012ലും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും സുരക്ഷാ സൈന്യം കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ച് പരാജയപ്പെടുത്തുകയായിരുന്നു. സന്നദ്ധ സംഘടന ബെരിഷ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടികളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക് ചെയ്യുമെന്ന് മലേഷ്യന്‍ കമ്മ്യൂനിക്കേഷന്‍ ആന്‍ഡ് മീഡിയ കമ്മീഷന്‍ അവരുടെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഭരണത്തില്‍ അസ്വസ്ഥതയുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുള്ളതിനാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിഷേധ റാലിയായിരിക്കും ഇപ്പോഴത്തേതെന്ന് കണക്കാക്കപ്പെടുന്നു.
അഴിമതി വര്‍ധിക്കുന്നതായും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍ ആരോപണങ്ങളെല്ലാം പ്രധാനമന്ത്രി തള്ളിക്കളയുന്നു. നിക്ഷേപിച്ച പണം സംഭാവന കിട്ടിയതാണെന്നാണ് നജീബ് റസാഖിന്റെ വിശദീകരണം. തന്നെ പരസ്യമായി ചോദ്യം ചെയ്ത ഡെപ്യൂട്ടി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചില നേതാക്കളെ അദ്ദേഹം തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. മലേഷ്യയിലെ മധ്യവര്‍ഗ സമൂഹം നജീബ് റസാഖിന്റെ ഭരണത്തില്‍ കൂടുതല്‍ അസംതൃപ്തരാണ്. ഇതിന് പുറമെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര ഭദ്രമായ അവസ്ഥയിലുമല്ല.