തിരുവോണ നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

Posted on: August 30, 2015 10:11 am | Last updated: August 30, 2015 at 10:11 am
SHARE

drugതിരുവനന്തപുരം: തിരുവോണ നാളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. ബിവറേജസ് കോര്‍പറേഷനിലും കണ്‍സ്യൂമര്‍ ഫെഡിലുമായി തിരുവോണ ദിനത്തില്‍ മാത്രം വിറ്റത് 56 കോടി രൂപയുടെ മദ്യം. ബെവ്‌കോയില്‍ 46 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് 10 കോടി രൂപയുടെ വില്‍പ്പന നടത്തി. സാധാരണ ഗതിയില്‍ കൂടുതല്‍ വില്‍പ്പന നടത്തുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളെയെല്ലാം പിന്തള്ളി വൈറ്റിലയിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് തിരുവോണ വില്‍പ്പനയില്‍ ഒന്നാമതെത്തി. ക്യൂ ഒഴിവാക്കി ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച ഔട്ട്‌ലെറ്റുകളോട് മലയാളിക്കു പ്രിയം കൂടുന്നു എന്നാണ് ഓണനാളിലെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉത്രാട നാളിലെപ്പോലെ തിരുവോണത്തിനും ബവ്‌കോ ഔട്ട്‌ലെറ്റുകളെ പിന്തള്ളി കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റിലെ ഔട്ട്‌ലെറ്റാണ് ഏറ്റവുമധികം മദ്യം വിറ്റത്. തിരുവോണത്തിന് മാത്രം 53 ലക്ഷത്തിന്റെ മദ്യമാണു വൈറ്റിലയില്‍ വിറ്റുപോയത്. ഉത്രാടം നാളിലിത് 53.5 ലക്ഷമായിരുന്നു. ഉത്രാടത്തലേന്ന് പൂരാട നാളിലും മദ്യവില്‍പ്പനയുടെ കണക്കെടുപ്പില്‍ വൈറ്റില ഔട്ട്‌ലറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 38 ലക്ഷം രൂപയുടെ മദ്യം. മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഒന്നാമതെത്തുന്നത് ഇതാദ്യമായാണ്.
കഴിഞ്ഞ ഉത്രാടത്തിനും തിരുവോണത്തിനുമായി സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ വഴി കേരളം കുടിച്ചത് 92.45 കോടി രൂപയുടെ മദ്യമായിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ ഏഴരക്കോടി രൂപയുടെ വര്‍ധന. ഇക്കുറി ഉത്രാടത്തിനും തിരുവോണത്തിനുമായി 103.5 കോടിയുടെ വില്‍പ്പനയാണ് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്. സംസ്ഥാനത്തെ മദ്യവില്‍പ്പനയുടെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡാണ് രണ്ട് ദിവസം കൊണ്ട് പിന്നിട്ടത്.
തിരുവോണ നാളില്‍ ആധുനിക ഔട്ട്‌ലെറ്റുകളായ കുന്നംകുളത്ത് 43 ലക്ഷത്തിന്റെയും ഏറ്റുമാനൂരില്‍ 37.5 ലക്ഷത്തിന്റെയും മദ്യം വിറ്റു. ബെവ്‌കോയിലും ഏറ്റവുമധികം വില്‍പ്പനയുണ്ടായത് തിരുവനന്തപുരം ഉള്ളൂരിലെ അത്യാധുനിക ഔട്ട് ലെറ്റിലാണ്. 41 ലക്ഷത്തിന്റെ വില്‍പ്പന. ക്യൂനില്‍ക്കാതെ അകത്തുകയറി ഇഷ്ട ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമുള്ള കേന്ദ്രങ്ങളിലാണു കൂടുതല്‍ വില്‍പ്പന. കണ്‍സ്യൂമര്‍ ഫെഡിന്റെ തിരുവോണനാളിലെ ആകെ വില്‍പ്പന ഇരട്ടിയിലേറെയായി. മുന്‍വര്‍ഷം നാല് കോടിയായിരുന്ന വില്‍പ്പനയാണ് ഇത്തവണ പത്ത് കോടിയിലെത്തിയത്. ബെവ്‌കോയിലും ആകെ വില്‍പ്പന കൂടി. 418 ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് കേരളത്തില്‍ നിലവില്‍ 21 ബാറുകള്‍ മാത്രമാണുള്ളത്. ഇത് സാധാരണക്കാരന് അപ്രാപ്യമായ പഞ്ചനക്ഷത്ര ബാറുകളുമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഓണക്കാലത്ത് സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ വഴിയുള്ള വില്‍പ്പന കുതിച്ചുയര്‍ന്നത്. എന്നാല്‍, ഔട്ട്‌ലറ്റുകള്‍ വഴിയുള്ള വില്‍പ്പനയുടെ കണക്ക് പൂര്‍ണമായി പുറത്തുവിടാന്‍ അധികൃതര്‍ സന്നദ്ധമല്ല.
ഓണക്കാലത്ത് വ്യാജമദ്യ വില്‍പ്പക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നും ഓണവിപണി ലക്ഷ്യമിട്ട് സ്പിരിറ്റ് ശേഖരിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വില്‍പ്പന ശാലകളില്‍ മദ്യത്തിന്റെ ദൗര്‍ലഭ്യമുണ്ടാകരുതെന്ന് എക്‌സൈസ് വകുപ്പ് ബവ്‌കോയോടും കണ്‍സ്യൂമര്‍ ഫെഡിനോടും അഭ്യര്‍ഥിച്ചിരുന്നു.