Connect with us

National

മഹാരാഷ്ട്രയില്‍ ഒരു ലക്ഷം പേര്‍ കൃഷി വിട്ടു

Published

|

Last Updated

കോലാപൂര്‍: മഹാരാഷ്ട്രയില്‍ ജീവിതം വഴിമുട്ടിയ ഒരു ലക്ഷം കര്‍ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൃഷി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കാര്‍ഷിക സെന്‍സസിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. കൃഷിയില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു നിലക്കും സാധിക്കാത്ത ഘട്ടത്തിലേക്ക് കര്‍ഷകര്‍ കൂപ്പുകുത്തുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിയില്‍ ഉണ്ടായ വിലയിടിവും നഷ്ടവുമാണ് പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കൂടാതെ വ്യവസായവത്കരണത്തിന്റെ ഭാഗമായി കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ടതും കൃഷിയിടങ്ങളില്‍ക്കൂടി റോഡുകളും മറ്റും വന്നതും കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ കാരണമായി. മറ്റ് തൊഴിലുകള്‍ ലഭിക്കുന്ന സാഹചര്യമുള്ളതും ഇവരെ കൃഷിയില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
2010-11 ലെ കാര്‍ഷിക സെന്‍സസ് അനുസരിച്ച് 1.36 കോടി കര്‍ഷകരാണ് മഹാരാഷട്രയില്‍ ഉണ്ടായിരുന്നത്. 2005- 2006 ല്‍ 1.37 കോടി കര്‍ഷകര്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 1.35 കോടി കര്‍ഷകര്‍ മാത്രമാണെന്ന് സംസ്ഥാന കാര്‍ഷിക, റവന്യൂ മന്ത്രി ഏക്‌നാഥ് ഖദ്‌സേ പറഞ്ഞു. സംസ്ഥാനത്തെ കൃഷിക്കാരില്‍ 90 ലക്ഷം പേര്‍ നാമമാത്ര കര്‍ഷകരാണ്. അവരുടെ ഭൂമിയുടെ അളവ് ഒരു ഹെക്ടറില്‍ താഴെയാണെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ള 45 ലക്ഷം പേര്‍ ചെറുകിട, ഇടത്തരം കര്‍ഷകരാണ്. ഇവര്‍ക്ക് വലിയതോതില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇവരെയും പ്രതിസന്ധിയിലാക്കുകയാണ്.
കൃഷി ഭൂമി വിഭജിക്കപ്പെട്ടതും ആളുകള്‍ ചെറിയ കുടുംബമായി മാറിയതും കൃഷിയില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു. കൃഷി ഭൂമിയുടെ അളവിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. 2010-11 ല്‍ 2,00,05,000 ഹെക്ടര് കൃഷി ഭൂമി ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1,97,67,000 ഹെക്ടര്‍ ഭൂമിയില്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച്, ആറ് ദശകങ്ങള്‍ക്കിടയില്‍ കര്‍ഷകരുടെ എണ്ണം കുത്തനെ കൂടുകയും കൃഷിഭൂമി വിഭജിക്കപ്പെടുകയും ചെയ്തു. ജനസംഖ്യാ വര്‍ധനവും ഇതിന് കാരണമായി. എന്നാല്‍ 2010 മുതല്‍ കര്‍ഷകരുടെ എണ്ണം കുത്തനെ കുറയുകയാണ്.
ഗുരുതരമായ സ്ഥിതിയിലേക്കാണ് സംസ്ഥാനം പോകുന്നതെന്നും ഇത് രാജ്യത്തിനാകെയുള്ള സൂചനയാണെന്നും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞ സംഗീതാ ഷെറോഫ് പറഞ്ഞു. സംസ്ഥാനത്തെ ആകെ തൊഴില്‍ ശേഷിയില്‍ 52.7ശതമാനം വരുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. കാര്‍ഷിക മേഖല തകരുകയെന്നാല്‍ ഗ്രമീണ ജനത കടുത്ത തൊഴില്‍രാഹിത്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് അര്‍ഥമെന്നും അവര്‍ പറഞ്ഞു.

Latest