Connect with us

Kerala

ഹജ്ജ് വളണ്ടിയര്‍ വിസ തട്ടിപ്പ് നടത്തിയാള്‍ സുന്നി പ്രവര്‍ത്തകനല്ല

Published

|

Last Updated

മുക്കം: ഹജ്ജ് വളണ്ടിയര്‍ വിസയുടെ മറവില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നു പറയുന്ന മുത്തേരി പുത്തന്‍മഠം ജാബിര്‍ സുന്നി സംഘടനാ പ്രവര്‍ത്തകനല്ലെന്ന് മാങ്ങാ പൊയില്‍ യൂനിറ്റ് എസ് വൈ എസ് സെക്രട്ടറി കെ ഉമര്‍ മാസ്റ്ററും തോട്ടത്തിന്‍ കടവ് യൂനിറ്റ് സെക്രട്ടറി കെ വി നാസറും അറിയിച്ചു.
മുത്തേരിയുള്‍പ്പെടുന്ന മാങ്ങാ പൊയില്‍ യൂനിറ്റിലോ വീട് മാറും മുമ്പ് താമസിച്ചിരുന്ന തോട്ടത്തിന്‍ കടവ് യൂനിറ്റിലോ ഒരു പ്രവര്‍ത്തനങ്ങളിലും ഇക്കാലം വരെ ഒരു പങ്കാളിത്തം പോലുമില്ലാതിരുന്ന വ്യക്തിയാണിയാള്‍. ജാബിര്‍ കാന്തപുരം വിഭാഗത്തിന്റെ നേതാവാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ ദിവസം ചേളാരി വിഭാഗം പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് പലരില്‍ നിന്നും ഈടാക്കിയത്.
സഊദിയില്‍ 45 ദിവസം മുതല്‍ 55 ദിവസം വരെ താമസിക്കുകയും കാറ്ററിംഗ്, ക്ലീനിംഗ് ജോലികള്‍ ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം. ഹജ്ജും ഉംറയും സൗകര്യത്തിനനുസരിച്ച് നിര്‍വഹിക്കാമെന്നും പറഞ്ഞിരുന്നു. കോഴിക്കോട് ഭാഗത്തു നിന്നും ബുക്ക് ചെയ്തവര്‍ക്കായി നോമ്പ് കഴിഞ്ഞയുടനെ ഉള്ളിശ്ശേരിക്കുന്നിലെ ചേളാരി വിഭാഗം മദ്‌റസയില്‍ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ഇതിനായി എസ് കെ വിഭാഗക്കാര്‍ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുകയും ചെയ്തതായി ക്ലാസില്‍ പങ്കെടുത്ത ഒരു വ്യക്തി പറഞ്ഞു.
എസ് കെ എസ് എസ് എഫിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ജാബിറിന്റെ പ്രസംഗ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി,തൃപ്പനച്ചി ഭാഗങ്ങളില്‍ ഏജന്റായി പ്രവര്‍ത്തിച്ചത് എസ് കെ എസ് എസ് എഫ് ഭാരവാഹിയാണെന്ന് വ്യക്തമായിട്ടുണ്ട്. കല്‍പ്പറ്റയില്‍ ക്ലാസ് നടത്തിയത് ചേളാരി വിഭാഗത്തിലെ നേതാവായ ഒരു ഫൈസിയാണ്. ഈ സാഹചര്യത്തില്‍ ജാബിറിനെ സുന്നീ സംഘടനാ പ്രവര്‍ത്തകനായി ചിത്രീകരിച്ചതില്‍ തട്ടിപ്പിനിരയായവര്‍ക്കും നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്.