മികവുറ്റ സംഘാടനം

Posted on: August 30, 2015 9:45 am | Last updated: August 30, 2015 at 9:45 am
SHARE

mmmമര്‍കസ് നഗര്‍: സാഹിത്യോത്സവിന്റെ അത്ഭുതപ്പെടുത്തുന്ന സംഘാടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേളയായി സാഹിത്യോത്സവ് മാറിയതിന് പിന്നിലെ കാരണം അന്വേഷിക്കുന്നവര്‍ക്കും കണ്ടെത്താനാകുന്നത് സംഘാടനത്തിലെ കൃത്യത തന്നെ. ഇരുപത്തിരണ്ടാം സാഹിത്യോത്സവിന് വേദിയായ മര്‍കസില്‍ പരാതികളോ പരിഭവമോ ഇല്ലാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയത്. മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യലുകള്‍ക്കും മറ്റു സംഘടനാ പ്രവര്‍ത്തകര്‍ക്കുമായി വിപുലമായ സൗകര്യമാണ് നഗരിയില്‍ ഒരുക്കിയിരുന്നത്.
വിവിധ മത്സരയിനങ്ങളിലെ വിധി നിര്‍ണയിക്കാനായി എത്തിയത് കേരളത്തില്‍ മാപ്പിളകലാ രംഗത്ത് അറിയപ്പെടുന്ന പ്രമുഖര്‍ തന്നെ. ഇവരിലേറെ പേരും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താക്കളായും എത്താറുണ്ട്. സാഹിത്യോത്സവിനെത്തുമ്പോള്‍ സ്‌കൂള്‍ യുവജനോത്സവത്തെ അപേക്ഷിച്ച് കൂടുതല്‍ തയ്യാറെടുപ്പ് നടത്തേണ്ടി വരുന്നുവെന്നാണ് ഇവരില്‍ പലരുടേയും അഭിപ്രായം ഈ കലാമേളയുടെ മൂല്യത്തേയും ഗൗരവത്തേയുമാണ് കാണിക്കുന്നത്. ആദ്യ ദിനത്തിലെ പരിപാടി രാത്രി ഏറെ വൈകി അവസാനിച്ച് അടുത്ത ദിവസം രാവിലെ 7 മണിക്ക് തന്നെ 12 വേദികളിലും പരിപാടികള്‍ പുനരാരംഭിക്കുന്നു എന്നത് തന്നെ സംഘാടന മികവിന്റെ ഏറ്റവും വലിയ ഉദാഹരണമായി. ഭൗതിക സാഹചര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമൊരുക്കി മേളയുടെ ജനകീയതയും സ്വീകാര്യതയും വര്‍ധിപ്പിക്കാന്‍ എസ് എസ് എഫ് കാണിക്കുന്ന ജാഗ്രത തന്നെയാണ് സാഹിത്യോല്‍സവിന്റെ വിജയരഹസ്യം.