Connect with us

Kozhikode

മര്‍കസ് മുറ്റത്ത് വിസ്മയമൊരുക്കി ഖവാലി

Published

|

Last Updated

മര്‍കസ് നഗര്‍: എസ് എസ് എഫ് സാഹിത്യോത്സവിലെ പുതുതായി ഉള്‍പ്പെടുത്തിയ ഖവാലി മത്സരം കണ്ണിനും കാതിനും നവ്യാനുഭവമായി. പ്രവാചകന്‍മാരെയും മഹാന്‍മാരെയും പ്രകീര്‍ത്തിച്ച് പാടുന്ന സൂഫി സംഗീതമാണ് ഖവാലി. മര്‍കസ് നഗരിയില്‍ ആദ്യദിനം നടന്ന ഖവാലി മത്സരം കാണാന്‍ വേദി ഒന്നില്‍ ശ്രോതാക്കളുടെ വന്‍ തിരക്കായിരുന്നു. ദഫ് മുട്ടിന്റെ അകമ്പടിയോടെയായിരുന്നു മത്സരം. പ്രവാചകന്‍മാരുടെയും അജ്മീര്‍ ഖാജ, മുഹ്‌യുദ്ദീന്‍ ചിശ്തി എന്നീ മഹാന്മാരുടെ പ്രകീര്‍ത്തനങ്ങളായിരുന്നു അവതരിപ്പിച്ചത്. സാഹിത്യോത്സവ് മത്സരത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഖവാലി മത്സരം നവ്യാനുഭവമുണ്ടാക്കിയെന്നും നല്ല നിലവാരം പുലര്‍ത്തിയെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു.
മത്സരത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനം നേടി. മലങ്ക് എന്ന് തുടങ്ങുന്ന ഗാന ദഫ് മുട്ടിന്റെ അകമ്പടിയോടെ അവതരിപ്പിച്ച അബ്ദുല്‍ ബാഹിസും സംഘവുമാണ് ജേതാക്കളായത്. എസ് എസ് എഫ് മഞ്ചേരി ഡിവിഷന്‍ ട്രഷറര്‍ ശിഹാബ് തുവ്വക്കാടാണ് സംഘത്തെ പരിശീലിപ്പിച്ചത്. ഒന്നാം സ്ഥാനം നേടിയ സംഘത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓഫീസില്‍ വിളിച്ചു വരുത്തി പ്രത്യേകം അഭിനന്ദിച്ചു.