ഇസ്‌ലാമിക കലാ സാഹിത്യമേഖലയില്‍ പരിശീലന കേന്ദ്രങ്ങള്‍ അനിവാര്യം

Posted on: August 30, 2015 9:37 am | Last updated: August 30, 2015 at 9:37 am
SHARE

mmmമര്‍കസ് നഗര്‍: ഇസ്‌ലാമിക കലാ സാഹിത്യത്തെ തനതായ രൂപത്തില്‍ നിലനിര്‍ത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പരിശീലന കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം സജീവ ചര്‍ച്ചയാകുന്നു. മാപ്പിളപ്പാട്ടുള്‍പ്പെടെയുള്ള കലകളേയും മറ്റു പാരമ്പര്യ ഇസ്‌ലാമിക കലാ സൃഷ്ടികളേയും മാല മൗലീദ് കീര്‍ത്തനങ്ങളേയും ആധുനിക കാലത്തും അവതരിപ്പിക്കാനും അവയെ ജനകീയമാക്കാനും എസ് എസ് എഫ് സാഹിത്യോത്സവുകള്‍ കാരണമാകുന്നുണ്ടെങ്കിലും അവയെ പരിചയപ്പെടുത്താനും പരിശീലനം നല്‍കാനും അവസരങ്ങളില്ലാത്തതാണ് ചര്‍ച്ചയാകുന്നത്. ഇസ്‌ലാമിക സാഹിത്യത്തിന് അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം പരിശീലന കേന്ദ്രങ്ങളുടെ അഭാവം ഈ കലകളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
നബിദിനാഘോഷങ്ങളുടെ ഭാഗമായി മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് അസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും തുടര്‍ പരിശീലനങ്ങള്‍ക്ക് അവസരമില്ലാത്തത് ഇത്തരം പ്രതിഭകളുടെ നൈസര്‍ഗിക വാസനകളെ വേണ്ടുവോളം വളര്‍ത്തിയെടുക്കുന്നതിന് അവസരം നഷ്ടപ്പെടുത്തുകയാണ്. കേരളീയ കലകളേയും പാശ്ചാത്യ സംഗീതത്തേയുമൊക്കെ കുറിച്ച് പഠിക്കാനും ഗവേഷണം ചെയ്യാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ നിലവിലുള്ളപ്പോള്‍ അത്ര തന്നെ അെല്ലങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ള ഇസ്‌ലാമിക കലാ സാഹിത്യ ശാഖയെ നിലനിര്‍ത്താനും അവയെപ്പറ്റി പഠിക്കാനും അവസരമില്ലാത്തതിനെക്കുറിച്ച് സമുദായ സംഘടനകള്‍ തന്നെ വിലയിരുത്തല്‍ നടത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിക കലാ സാഹിത്യത്തെ കുറിച്ച് പഠിക്കാനും തുടര്‍ പരിശീലനം നല്‍കാനും സംവിധാനം വേണമെന്നാണ് ഈ രംഗത്തെ പ്രമുഖരുടെ അഭിപ്രായം.
ഇസ്‌ലാമിക കലകളുടെ തനിമ നിലനിര്‍ത്താന്‍ ഒരു പരിധി വരെ സാഹിത്യോത്സവ് വേദികള്‍ കാരണമാകുന്നുണ്ടെങ്കിലും അവയുടെ നിലവാരം നിലനിര്‍ത്താന്‍ സംവിധാനം വേണമെന്നും പ്രമുഖ മാപ്പിളപ്പാട്ട് ഗാനരചയിതാവ് ഒ എം കരുവാരക്കുണ്ട് പറഞ്ഞു. ഇസ്‌ലാമിക കലാസാഹിത്യ മേഖലയെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കാന്‍ സാഹിത്യോത്സവുകള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍, പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് നല്ല ശിക്ഷണം നല്‍കി പരിപാടിയുടെ നിലവാരം ഇനിയും മെച്ചപ്പെടുത്താന്‍ സംഘാടകര്‍ ശ്രദ്ധിക്കണമെന്നും ഇതിനായി പരിശീലന കേന്ദ്രങ്ങള്‍ ഇല്ലാത്തത് വലിയ പോരായ്മയാണെന്നും ഈ രംഗത്തെ പ്രമുഖനായ ബാപ്പു വെള്ളിപ്പറമ്പ് പറഞ്ഞു.
അറബി സാഹിത്യശാഖക്ക് പുതിയ കാലത്ത് അവഗണന നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ എസ് എസ് എഫ് സാഹിത്യോത്സവുകള്‍ ഇത്തരം മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കിലും മത്സരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേദികളില്ലാതെ പോകുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് പ്രമുഖ മാപ്പിളപ്പാട്ട് നിരീക്ഷകനും ചിന്തകനുമായ ഫൈസല്‍ എളേറ്റില്‍ പറഞ്ഞു.
മലബാറില്‍ അറബി മലയാളം സാഹിത്യത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും ഏറെ ഗൗരവമായി ഈ വിഷയം മുസ്‌ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരും ദിവസങ്ങളില്‍ ഈ വിഷയം മുസ്‌ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ഏറ്റെടുക്കുമെന്നുമാണ് ഈ രംഗത്തെ പ്രമുഖര്‍ പ്രത്യാശിക്കുന്നത്. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ തുടങ്ങിയ കലാലയം ഇത്തരമൊരു ആശയത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക കലാ സാഹിത്യത്തിന് വേദിയൊരുക്കുക എന്നതാണ് കലാലയത്തിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here