Connect with us

National

108 ആംബുലന്‍സ് അഴിമതി: സി ബി ഐ കേസെടുത്തു

Published

|

Last Updated

ജയ്പൂര്‍: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതിചേര്‍ത്ത് സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനിലെ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പിന് സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് (ഇസഡ് എച്ച് എല്‍) ടെന്‍ഡര്‍ എടുത്തതിലെ ക്രമേക്കേടുമായി ബന്ധപ്പെട്ട കേസ് ആണ് സി ബി ഐ ഏറ്റെടുത്തത്. രാജസ്ഥാന്‍ സര്‍ക്കാറിന്റെ ശിപാര്‍ശ പ്രകാരമാണ് സി ബി ഐ ഏറ്റെടുത്തത്.
രവി കൃഷ്ണ, ഷാഫി മേത്തര്‍ തുടങ്ങിയവര്‍ക്ക് പുറമെ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ അശോക് ഗെഹ്‌ലോട്ട്, മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, സംസ്ഥാന മുന്‍ ആരോഗ്യ മന്ത്രി എ എ ഖാന്‍, മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ മുന്‍ സി ഇ ഒ ശ്വേത മംഗള്‍, എന്‍ ആര്‍ എച്ച് എം ഡയറക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലും ജയ്പൂരിലുമുള്ള സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ഓഫീസുകളില്‍ സി ബി ഐ റെയ്ഡ് നടത്തി.
രാജസ്ഥാന്‍ പോലീസിലെ സി ഐ ഡി- സി ബി വിഭാഗമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മുന്‍ മേയര്‍ പങ്കജ് ജോഷി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ പോലീസ് കേസെടുത്തത്.
പദ്ധതി ഏറ്റെടുത്ത സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിലെ ഡയറക്ടര്‍മാരായിരുന്നു രവി കൃഷ്ണ, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് എന്നിവര്‍. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലെത്തുകയാണെങ്കില്‍ 108 ആംബുലന്‍സ് അഴിമതിക്കേസില്‍ നടപടി സ്വീകരിക്കുമെന്ന് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു.
സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കമ്പനി ആംബുലന്‍സ് സര്‍വീസിനുള്ള ടെന്‍ഡര്‍ ക്രമവിരുദ്ധമായി നേടിയെടുക്കുകയും പിന്നീട് കമ്പനിയുടെ അറുപത് ശതമാനം ഓഹരി രണ്ട് വിദേശ കമ്പനികള്‍ക്ക് സുതാര്യമല്ലാത്ത രീതിയില്‍ വിറ്റുവെന്നുമാണ് ആരോപണം.
ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയപ്പോള്‍ നല്‍കേണ്ട തുകയെക്കാള്‍ കൂടുതല്‍ എഴുതിയെടുത്തുവെന്നും ആരോപണമുണ്ട്. 2.56 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.