സി പി എം അപവാദപ്രചാരണം നടത്തുന്നു: ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതി

Posted on: August 28, 2015 2:22 pm | Last updated: August 28, 2015 at 2:22 pm
SHARE

നിലമ്പൂര്‍: ചുങ്കത്തറ പഞ്ചായത്തിലെ പഴയ ഉരുപ്പടികള്‍ യുഡിഎഫ് നേതാക്കളുടെ ഒത്താശയോടെ മോഷണം പോയെന്നുള്ള സി പി എമ്മിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി ഡി സെബാസ്റ്റ്യന്‍.
നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്. കഴിഞ്ഞ 19ന് പഞ്ചായത്തിലെ പഴയ ഉരുപ്പടികള്‍ കൊന്നമണ്ണ അംഗനവാടിയിലും പൂക്കോട്ടുമണ്ണ സ്‌കൂളിലും കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് സി പി എമ്മിന്റെ ആരോപണം. സി പി എം അംഗങ്ങളും സെക്രട്ടറി എന്നിവരുമായി ആലോചിച്ചാണ് പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റിയത്.
ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ ബ്ലോക്ക് ഹാളില്‍ സൂക്ഷിച്ചിരുന്ന പഴയ ഉരുപ്പടികള്‍ ഇവിടങ്ങളിലേക്ക് മാറ്റിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ടാണ് സി പി എം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
തിരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭരണസമിതിക്കെതിരെ മറ്റ് ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിന്റെ മറവിലാണ് അപവാദപ്രചാരണവുമായി സി പി എം രംഗത്ത് വന്നത്. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെടുകയും സെക്രട്ടറി വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ സെക്രട്ടറിയുടെ വിവേചനാധികാര പ്രകാരമാണ് ഫര്‍ണിച്ചറുകള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. സി പി എമ്മിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും വികസനം നടന്ന പഞ്ചായത്തുകളിലൊന്നാണ് ചുങ്കത്തറ.
50 വര്‍ഷം പഴക്കമുള്ള പഴയ പഞ്ചായത്ത് കെട്ടിടം മാറ്റി പുതിയ കെട്ടിടം പണിയാന്‍ കഴിഞ്ഞു. ഇതിന് എം എല്‍ എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷവും നബാര്‍ഡ് ഫണ്ടില്‍ നിന്നും 50 ലക്ഷവുമാണ് ഇതിനായി ചെലവഴിച്ചത്. മാലിന്യപ്രശ്‌നം, കുടിവെളളപ്രശ്‌നം, ഗ്രാമീണറോഡുകളുടെ വികസം എന്നിവക്ക് പുറമേ ഭവനരഹിതര്‍ക്ക് 800 ലേറെ വീടുകളും നിര്‍മിച്ച് നല്‍കാനായി.
വാര്‍ത്ത സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി ഡി സെബാസ്റ്റ്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പറാട്ടി കുഞ്ഞാന്‍, അംഗങ്ങളായ ജോബി എളൂക്കുന്നേല്‍, എം വി തമ്പാന്‍, അബ്ദുല്‍നാസര്‍ പുള്ളിയില്‍ പങ്കെടുത്തു.