അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം; സര്‍വീസ് റോഡ് ഗതാഗത യോഗ്യമായി

Posted on: August 28, 2015 2:22 pm | Last updated: August 28, 2015 at 2:22 pm
SHARE

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറത്തുണ്ടായികൊണ്ടിരിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിര്‍മിച്ച സര്‍വീസ് റോഡ് ഗതാഗത യോഗ്യമായി.
സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത് ഈ സ്ഥലങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ഈ സമാന്തര റോഡ് ഗതാഗതയോഗ്യമായതോടെ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി എം അലി അറിയിച്ചു.
അങ്ങാടിപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള സര്‍വീസ് റോഡാണ് ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്. 300 മീറ്റര്‍ നീളമുള്ള റോഡിന് സമാന്തരമായി ഡ്രൈനേജും നിര്‍മിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് രണ്ട് നിരയായി കടന്നുപോകാനുള്ള സൗകര്യവും ഈ റോഡിനുണ്ട്. മാത്രവുമല്ല പെരിന്തല്‍മണ്ണയില്‍ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്കുള്ള നിലവിലുള്ള സര്‍വീസ് റോഡിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേല്‍പാലം നിര്‍മാണത്തിന്റെ ഭാഗമായി 41 സെന്റ് സ്വകാര്യ ഭൂമി അക്വയര്‍ ചെയ്തത് പ്രധാനമായും ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായാണ്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി നടപടികളും മഴയും മേല്‍പാലത്തിന്റെ നിര്‍മാണത്തെ സാരമായി ബാധിച്ചു. ഈ കുറവ് പരിഹരിക്കാന്‍ പരമാവധി ജീവനക്കാരെ വരും ദിവസങ്ങളില്‍ നിയോഗിക്കുമെന്നും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അലി പറഞ്ഞു.
മേല്‍പാലത്തിന്റെ സ്ലാബുകള്‍ സ്ഥാപിക്കല്‍, റെയില്‍വേ ഗേറ്റും ഇലക്ട്രിക് ലൈനുകളും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ഇനി പ്രധാനമായും നടത്താനുള്ളത്. അങ്ങാടിപ്പുറത്ത് യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരമാവധി കുറക്കുന്നതിനും സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി അലി പറഞ്ഞു.