ഹജ്ജ് വളണ്ടിയര്‍മാരാക്കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിച്ചതായി പരാതി

Posted on: August 28, 2015 2:20 pm | Last updated: August 28, 2015 at 2:20 pm
SHARE

മുക്കം: ഹജ്ജ് വളണ്ടിയര്‍മാരാക്കാമെന്ന് വാഗ്ദാനം നല്‍കി പണവും പാസ്‌പോര്‍ട്ടും തട്ടി കബളിപ്പിച്ചതായി പരാതി. മുക്കം കല്ലൂരുട്ടി പുത്തന്‍ മഠം ജാബിറിനെതിരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരിക്കുന്നത് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ നൂറിലേറെയാളുകളാണ് കബളിപ്പിക്കപ്പെട്ടതായി പരാതി നല്‍കിയത്.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള സേവനം വാഗ്ദാനം ചെയ്താണ് ഏജന്റ് ആളുകളില്‍ നിന്ന് പണവും പാസ്‌പോര്‍ട്ടും വാങ്ങിയത്. 2,800 സൗദി റിയാലും ഉംറ തീര്‍ഥാടനത്തിനുള്ള അവസരവും സൗജന്യ താമസവും ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം 350 ആളുകളെ ഇത്തരത്തില്‍ ഹജ്ജ് വളണ്ടിയര്‍മാരാക്കിയതായി ഇവരോട് പണം വാങ്ങുമ്പോള്‍ പറഞ്ഞതായി പരാതിക്കാര്‍ പറഞ്ഞു.
കഴിഞ്ഞ നോമ്പ് സമയത്ത് 10,000 രൂപ കൊടുത്താണ് ആളുകള്‍ ബുക്ക് ചെയ്തത്. പെരുന്നാള്‍ കഴിഞ്ഞ ഞായറാഴ്ച ഇവര്‍ കോഴിക്കോട് ബേപ്പൂരിനടുത്ത ഉള്ളിശ്ശേരി കുന്നിലെ ഒരു മദ്‌റസാ ഹാളില്‍ യോഗം വിളിച്ചു ചേര്‍ത്ത് യാത്ര സംബന്ധിച്ച് ക്ലാസ് നല്‍കി. ആഗസ്റ്റ് 15 ന് മുന്‍പ് ബാക്കി തുകയും പാസ്‌പോര്‍ട്ടും നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതനുസരിച്ച് തങ്ങള്‍ പണവും പാസ്‌പോര്‍ട്ടും നല്‍കിയതായും പരാതിക്കാര്‍ പറഞ്ഞു.
കല്ലുരുട്ടി സ്വദേശിയായ ജാബിറും സുഹൃത്ത് മന്‍സൂറും ചേര്‍ന്നാണ് പണം വാങ്ങിയതെന്ന് ഇവര്‍ പറഞ്ഞു. 26 മുതല്‍ യാത്ര ചെയ്യാനുള്ള വിമാനയാത്ര ഷെഡ്യൂള്‍ ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. കോഴിക്കോടിനടുത്ത അരീക്കാട് റിലയന്‍സ് പമ്പിന് സമീപം എത്താനാണ് ഇവരോട് നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ഇവിടെയെത്തിയ വയനാട് സ്വദേശികളാണ് കബളിപ്പിക്കപെട്ട വിവരം പുറത്ത് പറയുന്നത്. ആയിരത്തോളം പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. മൂക്കം, കമ്പളക്കാട്, പടിഞ്ഞാറത്തറ, മീഞ്ചന്ത, മലപ്പുറം എസ് പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഹജ്ജ് സേവനത്തിനായി പണം നല്‍കിയത്.
എന്നാല്‍ തങ്ങള്‍ ആരെയും കബളിപ്പിച്ചിട്ടില്ലെന്നും വിസ സ്റ്റാമ്പിംഗിനായി ഏല്‍പ്പിച്ച ഏജന്റ് തങ്ങളുടെ പണവുമായി മുങ്ങിയതാണെന്നും എത്ര നഷ്ടം വന്നാലും ആളുകളെ കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണെന്നും കല്ലുരുട്ടി സ്വദേശി ജാബിറും മന്‍സൂറും പറഞ്ഞു. തങ്ങള്‍ ഈ ആവശ്യത്തിനായി മുബൈയിലാണെന്നും മുങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്നും ഇരുവരും പറഞ്ഞു.