Connect with us

Kozhikode

ബേങ്കില്‍ നിന്ന് സൈറണ്‍: അപാകം പരിഹരിക്കണമെന്ന് നാട്ടുകാര്‍

Published

|

Last Updated

മുക്കം: മുക്കത്തെ കനറാ ബേങ്കിന്റെ പ്രധാന ഓഫീസില്‍ നിന്ന് പല ദിവസങ്ങളിലും രാത്രി അപായ സൈറണ്‍ മുഴങ്ങുന്നത് നാട്ടുകാരെയും പോലീസുകാരെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു. ബേങ്കില്‍ രാത്രി സമയങ്ങളില്‍ ആരെങ്കിലും അനധികൃതമായി കടന്നാല്‍ മുഴങ്ങേണ്ട സൈറനാണ് പല ദിവസങ്ങളിലും രാത്രി നിര്‍ത്താതെ മുഴങ്ങുന്നത്.
ഇത് പതിവായതോടെ സമീപവാസികളും തൊട്ടടുത്ത കച്ചവടക്കാരും ഇത് കാര്യമാക്കാതെയായി. എന്നാല്‍ മുക്കത്ത് തുടര്‍ച്ചയായി നടന്ന മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രിയില്‍ സൈറണ്‍ മുഴങ്ങിയത് നാട്ടുകാര്‍ പോലീസിലറിയിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് സൈറണ്‍ നിര്‍ത്താതെ മുഴങ്ങിയത്. മുക്കം പോലീസെത്തി പരിശോധിച്ചങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ബേങ്ക് അധികൃതരെത്തി സൈറണ്‍ ഓഫാക്കുകയായിരുന്നു. അതേസമയം പല ദിവസങ്ങളിലും രാത്രി സൈറണ്‍ മുഴങ്ങുന്നതിനാല്‍ ഇനി യഥാര്‍ഥത്തില്‍ കളവ് നടന്നാലും ആരും തിരിഞ്ഞ് നോക്കിയെന്ന് വരില്ല. അതുകൊണ്ട് അപായ സൈറന് എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടങ്കില്‍ അത് ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest