ടൗണ്‍ഹാള്‍ നവീകരിക്കുന്നു: 15 മുതല്‍ അടച്ചിടും

Posted on: August 28, 2015 10:36 am | Last updated: August 28, 2015 at 10:36 am
SHARE

പാലക്കാട്:നഗരസഭാ ടൗണ്‍ ഹാള്‍ നവീകരണത്തിന്റെ തറക്കല്ലിടല്‍ സെപ്തംബര്‍ അവസാന വാരം നടത്താന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മൂന്ന് കോടി 77 ലക്ഷം രൂപ ചെലവില്‍ എം എല്‍ എ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ ഹാള്‍ നവീകരിക്കുക. വിവാഹാവശ്യങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും സെപ്തംബര്‍ 15 വരെ മാത്രമേ ടൗണ്‍ ഹാള്‍ അനുവദിക്കൂ. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപം കുടുംബശ്രീ നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചട്ടപ്രകാരം മാത്രം അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. അതേസമയം സ്‌റ്റേഡിയത്തിലെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വി എഫ് പി സി കെ സ്റ്റാള്‍ പൊളിച്ചുനീക്കാനും യോഗം തീരുമാനിച്ചു. ക്ഷേമകാര്യ പെന്‍ഷനുകള്‍ 25 ശതമാനം പോലും നഗരസഭകൊടുത്തിട്ടില്ലെന്നും 10 മാസത്തെ കുടിശ്ശിക നല്‍കാനുണ്ടെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാകുന്ന മുറക്ക് പെന്‍ഷനുകള്‍ കൊടുത്തുതീര്‍ക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരസഭക്ക് സര്‍ക്കാര്‍ നല്‍കാനുള്ള എട്ടുകോടി ഇതുവരെ ലഭിച്ചില്ലെന്നും പെന്‍ഷന്‍ തുക നല്‍കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ സര്‍ക്കാരില്‍ പ്രതിഷേധം അറിയിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭാ ക്ലാര്‍ക്കുമാരുടെ പെരുമാറ്റ ദൂഷ്യത്തേക്കുറിച്ച് യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. പ്രായമായവരോട് പോലും അപമര്യാദയായി പെരുമാറുന്ന ക്ലാര്‍ക്കിനെ നിലയ്ക്കുനിര്‍ത്തണമെന്ന് യോഗത്തില്‍ ഒന്നാകെ ആവശ്യമുയര്‍ന്നു. പാലക്കാട് മൂന്ന് വില്ലേജില്‍ സ്ഥലത്തിനോട് ചേര്‍ന്ന് വരുന്ന തോട് അതിര്‍ത്തികെട്ടി തിരിക്കണമെന്ന സ്വകാര്യ വ്യക്തിയുടെ അപേക്ഷയിന്‍മേലുള്ള അജണ്ട യോഗം റദ്ദാക്കി.
വെണ്ണക്കരയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നിലവില്‍ എം എല്‍ എ ഫണ്ടില്‍ നിന്നുള്ള തുക അനുവദിച്ച് നടപടിക്രമങ്ങള്‍ നടന്നുവരുന്നതിനാല്‍ എം പി ഫണ്ട് കൂടി ഉപയോഗപ്പെടുത്തി ഫലപ്രദമായി പദ്ധതി നടപ്പാക്കണമോ എന്നുള്ള കാര്യം സെപ്തംബര്‍ 15 നു ശേഷം ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ തീരുമാനമായി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ അനധികൃതമായി നിര്‍മ്മിച്ച വിപണന കേന്ദ്രം നഗരസഭപൊളിച്ചുനീക്കാത്തപക്ഷം യുവജന സംഘടന വിഷയം ഏറ്റെടുക്കുമെന്ന് കൗണ്‍സില്‍ അംഗം സ്മിതേഷ് പറഞ്ഞു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇതിനുമുമ്പ് നടത്തിയവയും അത്തരത്തില്‍ പൊളിച്ചില്ലെങ്കില്‍ നടപടി ഏകപക്ഷീയമാകുമെന്ന് ‘വദാസ് പറഞ്ഞപ്പോഴായിരുന്നു ബി.ജെ.പി കൗണ്‍സിലറായ സ്മിതേഷിന്റെ പ്രതികരണം. തുടര്‍ന്ന് നേരത്തെയുള്ള 6 അജണ്ടകളും സപ്ലിമെന്ററിയായുള്ള 8 അജണ്ടകളും അംഗീകരിച്ച് യോഗം പിരിഞ്ഞു.
യോഗത്തില്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു. എന്‍ ശിവരാജന്‍, കൃഷ്ണകുമാര്‍, അഷ്‌ക്കര്‍, കുമാരി, അബ്ദുള്‍ അസീസ്, മാണിക്യന്‍,ഭവദാസ് സംസാരിച്ചു. ഓണപൂക്കളമല്‍സരവും യോഗത്തിന് ശേഷം വിപുലമായ ഓണ സദ്യയും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here