കെ എസ് ആര്‍ ടി സി സ്റ്റാന്റ് നവീകരണത്തിന് അടുത്തമാസം രണ്ടാം വാരത്തില്‍ തുടക്കമാകും

Posted on: August 28, 2015 10:35 am | Last updated: August 28, 2015 at 10:35 am
SHARE

പാലക്കാട്:കെ എസ ്ആര്‍ ടി സി സ്റ്റാന്‍ഡ് നവീകരണത്തിന് അടുത്ത മാസം തുടക്കം കുറിക്കും. ആദ്യഘട്ടത്തില്‍ എട്ടുകോടി രൂപ ചെലവില്‍ ഷോപ്പിങ് കോംപ്ലക്‌സ് സഹിതമാണ് ഡിപ്പോ നവീകരിക്കുന്നത്.
നവീകരണത്തിന്റെ ‘ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിച്ചെങ്കിലും തുടര്‍ നടപടികള്‍ സാങ്കേതികത്വത്തില്‍ കുടുങ്ങിയിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ എംഎല്‍എ, പാലക്കാട് നഗരസഭകൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒട്ടേറെത്തവണ യോഗം വിളിച്ച് സാങ്കേതികക്കുരുക്കുകള്‍ അഴിച്ചാണു നടപടികള്‍ മുന്നോട്ടുനീക്കിയത്. ഇതിനിടെ കോര്‍പറേഷന്റെത് മെല്ലെപ്പോക്കുനയമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജനപ്രതിനിധികള്‍ കര്‍ശന നിലപാടിലേക്കു നീങ്ങിയതോടെയാണു ഫയലുകള്‍ക്കു ജീവന്‍വച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തറക്കല്ലിടുന്നതോടെ ഡിപ്പോ പ്രവര്‍ത്തനം ഘട്ടംഘട്ടമായി സ്‌റ്റേഡിയം സ്റ്റാന്‍ഡിലേക്കു മാറ്റും. അടുത്ത മാസം രണ്ടാം വാരത്തോടെ വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ നിര്‍മാണോദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്.
കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ഡിപ്പോ നവീകരണത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സ്റ്റാന്‍ഡ് പൊളിച്ചതോടെ യാത്രക്കാര്‍ വെയിലും മഴയും ഏറ്റു നില്‍ക്കേണ്ട അവസ്ഥയാണ്. ഇതു സംബന്ധിച്ചും പരാതി ഉയര്‍ന്നിരുന്നു. ഘട്ടം ഘട്ടമായി സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.