ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം

Posted on: August 28, 2015 6:00 am | Last updated: August 28, 2015 at 12:39 am
SHARE

SIRAJ.......നടുക്കമുളവാക്കുന്ന സംഭവമാണ് ഫോര്‍ട്ട് കൊച്ചിയിലെ ബോട്ടപകടം. യന്ത്രവത്കൃത മത്സ്യബന്ധന ഇരുമ്പ് വള്ളം ഇടിച്ചുണ്ടായ ദുരന്തത്തില്‍ വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി യാത്രാ ബോട്ടിലെ എട്ട് യാത്രക്കാര്‍ മരണപ്പെടുകയുണ്ടായി. ബോട്ടില്‍ കയറിയ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചു കൃത്യമായ വിവരമില്ലാത്തതിനാല്‍ യഥാര്‍ഥ മരണസംഖ്യ ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളു. കായലില്‍ വീണ ബോട്ട് യാത്രക്കാരില്‍ മുപ്പതോളം പേരെ പെട്ടെന്ന് തന്ന രക്ഷിക്കാന്‍ സാധിച്ചതാണ് മരണ സംഖ്യ കുറക്കാന്‍ സഹായകമായത്. അപകടം നടക്കുന്ന വേളയില്‍ കരയിലുണ്ടായിരുന്ന നാട്ടുകാരും ചില വിദേശികളും രക്ഷാപ്രവര്‍ത്തനത്തില്‍ കാണിച്ച ജാഗ്രതയും കാര്യക്ഷമതയും പ്രശംസനീയമായിരുന്നു. മീന്‍ വള്ളമോടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയോ പരിചയക്കുറവോ ആണ് അപകട കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത ബങ്കില്‍ നിന്ന് ഇന്ധനം നിറച്ചു വള്ളം അതിവേഗം മുന്നോട്ടെടുത്തപ്പോഴാണ് ബോട്ടില്‍ ഇടിച്ചത്. അശ്രദ്ധമായാണ് മീന്‍വള്ളം ഓടിച്ചിരുന്നതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. ഡ്രൈവര്‍ക്ക് ലൈസന്‍സുമുണ്ടായിരുന്നില്ല. ബോട്ട് ഡ്രൈവിംഗിന് പ്രത്യേക കോഴ്‌സുകളും മതിയായ പരിശീലനവും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊന്നും നേടാത്തവരാണ് സംസ്ഥാനത്ത് ബോട്ട് ഓടിക്കുന്നവരില്‍ വലിയൊരു ശതമാനവും.
യാത്രാ ബോട്ടിന്റെ കാലപ്പഴക്കം അപകടത്തിന്റെ തീവ്രതക്കും കാരണമായിട്ടുണ്ട്. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ബോട്ടിന്റെ പലകകള്‍ പഴക്കം കാരണം ജീര്‍ണിച്ചിരുന്നുവെന്നും, കായലില്‍ നിന്ന് ഉയര്‍ത്താനായി ബോട്ട് കെട്ടിവലിച്ചപ്പോള്‍ കയര്‍ ബന്ധിപ്പിച്ച അതിന്റെ പലകകള്‍ അടര്‍ന്നു വീണതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ബോട്ടിന് 2017 വരെയുള്ള കാലാവധിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും പഴക്കം പരിഗണിക്കാതെയും വേണ്ടത്ര പരിശോധന നടത്താതെയുമാണ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ബോട്ടില്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുമുണ്ടായിരുന്നില്ല. 42 ലൈഫ് ബൊയകള്‍ ബോട്ടില്‍ സജ്ജീകരിക്കണമെന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ വെറും മൂന്നെണ്ണമേ ഉണ്ടായിരുന്നുള്ളു. എറണാകുളം, ഫോര്‍ട്ട് കൊച്ചി മേഖലകളില്‍ മുപ്പതിലധികം ബോട്ട് സര്‍വീസുകളുണ്ട്. കൊച്ചി കോര്‍പറേഷന്‍ വര്‍ഷംതോറും ലേലത്തിന് നല്‍കുന്ന ഈ സര്‍വീസുകള്‍ മിക്കതും സ്വകാര്യ വ്യക്തികളാണ് നടത്തുന്നത്. ബോട്ടുകളുടെ കാര്യക്ഷമതയോ, കാലപ്പഴക്കമോ കോര്‍പറേഷന്‍ അധികൃതര്‍ ശ്രദ്ധിക്കാറില്ല. മുഴുവന്‍ യാത്രക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടാറില്ല. വിദേശ രാജ്യങ്ങളില്‍ യാത്രക്കാര്‍ ഒന്നൊഴിയാതെ സുരക്ഷാ ജാക്കറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമാണ്, അതില്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
കേരളത്തിലുണ്ടായ വിവിധ ബോട്ടപകടങ്ങള്‍ 200 ഓളം പേരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. അപകടങ്ങള്‍ വരുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഇത്തരം ബോട്ടുകളുടെ ദുരവസ്ഥകള്‍ പിന്നീട് ഏറെത്താമസിയാതെ ജനങ്ങളും അധികൃതരും വിസ്മരിക്കുന്നു. ബോട്ടപകടങ്ങകളുമായി ബന്ധപ്പെട്ട് പല അന്വേഷണ കമ്മീഷനുകളും നിയോഗിക്കപ്പെടുകയുണ്ടായി. കുമരകം ബോട്ടപകടം നടന്നപ്പോള്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷനും തേക്കടി ദുരന്തത്തെ തുടര്‍ന്ന് ജസ്റ്റിസ് മൊയ്തീന്‍ കുഞ്ഞി കമ്മീഷനും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാലപ്പഴക്കം ചെന്ന ബോട്ടുകളുടെ അറ്റകുറ്റപ്പണി യഥാസമയം നിര്‍വഹിക്കുക. ബോട്ടുകളില്‍ മിന്നല്‍ പരിശോധന നടത്തുക, യാത്രക്കാര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റുകള്‍ ധരിക്കുക, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാര്യക്ഷമമാക്കുകയും സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, തീരദേശ എന്‍ജിനീയര്‍മാരും വിദഗ്ധരും ഉള്‍പ്പെടുന്ന ബോര്‍ഡ് രൂപവത്കരിച്ചു ജലഗതാഗതവുമായി ബന്ധപ്പെട്ട നടപടികളെല്ലാം അതിന് കീഴില്‍ കൊണ്ടുവരിക, ബോട്ടുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിന് കര്‍ശന നിരോധം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ കമ്മീഷനുകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. 2002ല്‍ കോട്ടയത്തെ കുമരകത്ത് 29 പേരുടെ മരണത്തിനിടയായ അപകടം വരുത്തി വച്ച ബോട്ട് ഇരുപത് വര്‍ഷത്തിലേറെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെയാണ് സര്‍വീസ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം ഫയലുകളില്‍ വിശ്രമിക്കുകയാണ്.
അപകടങ്ങള്‍ നടന്നാല്‍ അന്വേഷണത്തിനുത്തരവിടുകയും മരണപ്പെട്ടവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും ധനസഹായവും പ്രഖ്യാപിക്കുകയും ചെയ്തതു കൊണ്ടായില്ല. അപകടത്തിന് കാരണമാകുന്ന വീഴ്ചകളും പോരായ്മകളും പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുകയും ബോട്ടിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള മിന്നല്‍ പരിശോധനകള്‍ ഒരു വഴിപാടായി മാറാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുകയും വേണം. അപകടത്തിനുത്തരവാദികളായ ബോട്ട് ഡ്രൈവര്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. അപകടങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നതിന് പകരം അടുത്ത അപകടത്തിന് വഴിവെക്കുന്ന ഉപായങ്ങള്‍ തേടുന്ന നമ്മുടെ ശീലത്തിന് അറുതി വരുത്തിയെങ്കില്‍ മാത്രമേ ദുരന്തങ്ങള്‍ തടയാനാകൂ.