Connect with us

Malappuram

പ്രവാസ ജീവിതാനുഭവങ്ങളുമായി ഗുണ്ടല്‍പേട്ടയില്‍ പൊന്നു വിളയിക്കാന്‍ ഹംസ

Published

|

Last Updated

കാളികാവ്: കര്‍ണാടകയിലെ കൃഷിയിടത്ത് ഒരു കൈ പരീക്ഷണവുമായി രംഗത്തു വന്നിരിക്കുകയാണ് പാണ്ടിക്കാടിനടുത്ത് വെട്ടിക്കാട്ടിരി സ്വദേശിയായ പാണക്കാടന്‍ ഹംസ. കൃഷിക്ക് പേരുകേട്ട ഗുണ്ടല്‍പേട്ടയിലെ മുഗുനള്ളിയില്‍ കൃഷിയിടം പാട്ടത്തിനെടുത്ത് ബീറ്റ്‌റൂട്ടും ക്യാരട്ടും തക്കാളിയും സൂര്യകാന്തിപ്പൂവുമെല്ലാം വിളയിച്ചാണ് കാര്‍ഷിക വൃത്തിയില്‍ മറുനാട്ടില്‍ ഈ മലയാളി സ്വന്തം വഴിതേടുന്നത്. സൗദി അറേബ്യയിലെ ഹയലിലില്‍ കൃഷിപ്പണി നടത്തിയ അനുഭവങ്ങളുമായാണ് കര്‍ണാടകയിലേക്ക് വണ്ടികയറിയത്. മണലാരണ്യത്തിലെ ജീവിതം ഉപേക്ഷിച്ച് ഏതാനും വര്‍ഷം മുമ്പ് നാടണഞ്ഞ ഹംസ ശേഷിക്കുന്ന കാലം നാട്ടില്‍ തന്നെ എന്തെങ്കിലും ഉപജീവനം കണ്ടെത്താനുള്ള വഴി അന്വേഷിക്കുകയായിരുന്നു. നാട്ടിലെ ഉയര്‍ന്ന കൂലി നിരക്കും കൃഷിക്ക് പറ്റിയ സ്ഥലം കിട്ടാനില്ലാത്തതിനാലുമാണ് കൃഷി നടത്താന്‍ അയല്‍ സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വന്നത്. മുഗുനള്ളിയില്‍ അഞ്ചേക്കറോളം സ്ഥലത്താണ് ഹംസ മുന്ന് വര്‍ഷം മുമ്പ് പച്ചക്കറി കൃഷി തുടങ്ങിയത്. ഏക്കറിന് 10000 മുതല്‍ 15000 രൂപ പാട്ടം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. കൃഷി ആവശ്യത്തിന് കര്‍ണാടകയില്‍ വൈദ്യുതി പൂര്‍ണമായും സൗജന്യമാണ്. കൂടാതെ വിത്തും വളവുമെല്ലാം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കി തരുകയും ചെയ്യുന്നു. ഇത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസ പ്രദമാണെന്നാണ് ഹംസ പറയുന്നത്. മുഗുനള്ളിയില്‍ പുരുഷ തൊഴിലാളിക്ക് 220 രൂപയും സ്ത്രീ തൊഴിലാളികള്‍ക്ക് 120 രൂപയുമാണ് കൂലി. അത്‌കൊണ്ട് തന്നെ സ്വന്തം അധ്വാനത്തിനൊപ്പം തൊഴിലാളികളുടെ അധ്വാനവുമാവുമ്പോള്‍ മോശമല്ലാത്ത രീതിയില്‍ കൃഷി നടത്താനവുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. സൂര്യകാന്തി വിളവെടുപ്പില്‍ മോശമല്ലാത്ത വിളവും മിച്ചവും ലഭിച്ചു. തക്കാളി കിലോക്ക് അഞ്ച് രൂപക്കാണ് മൊത്തവിലക്ക് നല്‍കുന്നത്.