സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റുരക്കാന്‍ മുവായിരം പ്രതിഭകള്‍

Posted on: August 28, 2015 5:09 am | Last updated: August 28, 2015 at 12:09 am
SHARE

കോഴിക്കോട്: ഇന്നാരംഭിക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത് മൂവായിരത്തോളം പ്രതിഭകള്‍. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും നീലഗിരിയില്‍ നിന്നുമെത്തുന്ന പ്രതിഭകള്‍ 91 ഇനങ്ങളില്‍ ആറു വിഭാഗങ്ങളിലായി 12 വേദികളില്‍ വെച്ചാണ് മാറ്റുരക്കുക. മാപ്പിളകലകളുടെ പരിപോഷണം മുഖ്യലക്ഷ്യമാക്കി പാടി പറയലും, ഖവാലി, ന്യൂസ് റൈറ്റിംഗ്, ന്യൂസ് റീഡീംഗ് എന്നിവയും ഇത്തവണത്തെ ശ്രദ്ധിക്കപ്പെടുന്ന പുതിയ ഇനങ്ങളാണ്. വിലുലമായ സൗകര്യങ്ങളാണ് മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും വേണ്ടി മര്‍കസ് നഗരിയില്‍ ഒരുക്കിയിരിക്കുന്നത്.
നാളെ വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. വി ടി ബല്‍റാം എം എല്‍ എ അതിഥിയാകും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, മുഖ്താര്‍ ഹസ്രത്ത്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
സാഹിത്യോത്സവ് കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് ഇസ്‌ലാമിക് മീഡിയ മിഷന്റെ വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ ടി വി, മൊബൈല്‍ ആപ്പ്, ബൈലെക്‌സ് ക്ലാസ് റൂം എന്നിവയിലൂടെ തത്സമയം ലഭ്യമാകും.