ദാവൂദിന്റെ ഇന്ത്യ കണ്ടെത്തിയ വിലാസങ്ങളില്‍ പിഴവ്

Posted on: August 28, 2015 5:46 am | Last updated: August 27, 2015 at 11:46 pm
SHARE

davood ibrahim1ന്യൂഡല്‍ഹി: ദാവൂദ് ഇബ്‌റാഹിമിന്റെതെന്ന് ഇന്ത്യ കണ്ടെത്തിയ പാക്കിസ്ഥാനിലെ വിലാസങ്ങളില്‍ തെറ്റ് കടന്നുകൂടിയതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടൃതല ചര്‍ച്ചയില്‍ ഇന്ത്യ കൈമാറാനിരുന്ന തെളിവുകളുടെ കൂട്ടത്തിലുള്ളതാണ് ഈ വിലാസങ്ങള്‍.
ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തിനു ബലം കൂട്ടുന്നതായിരുന്നു തെളിവുകള്‍. കണ്ടെത്തിയ വിലാസങ്ങളിലൊന്ന് ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാന്‍ പ്രതിനിധി മലീഹ ലോധിയുടെതാണെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, മാധ്യമങ്ങളില്‍ വന്ന വിലാസങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടതല്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ ഇതുതന്നെയാണോ എന്ന് മന്ത്രാലയത്തിനും അറിയില്ല.
മെയ്ന്‍ മാര്‍ഗല്ല റോഡ്, എഫ് 6/2, ഹൗസ് നമ്പര്‍ 7, സ്ട്രീറ്റ് 17, ഇസ്‌ലാമാബാദ് എന്ന വിലാസം മുന്‍ യു എസ് അംബാസഡറും നിലവില്‍ യു എന്നിലെ പാക് പ്രതിനിധിയുമായ ലോധിയുടെതാണ്.
മറ്റൊരു വിലാസമായ മാര്‍ഗല്ല റോഡ്, പി 6/2, സ്ട്രീറ്റ് നമ്പര്‍ 22, ഹൗസ് നമ്പര്‍ 29, ഇസ്‌ലാമാബാദ് എന്നതിലും തെറ്റുണ്ട്. ഇസ്‌ലാമാബാദില്‍ പി എന്നൊരു സെക്ടറില്ല. അതേസമയം, 20 വര്‍ഷങ്ങളെടുത്താണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ നാല് വിലാസങ്ങളെ സ്ഥിരീകരിച്ചിട്ടുള്ളു. അത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.