ഗുര്‍ദാസ്പൂര്‍ തീവ്രവാദി ആക്രമണത്തില്‍ പാക് പങ്ക് വെളിവാക്കുന്ന തെളിവുകള്‍

Posted on: August 28, 2015 5:45 am | Last updated: August 27, 2015 at 11:46 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ദേശീയ സുരക്ഷാ ഉപദേശകന്മാരുടെ ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഗുര്‍ദാസ്പൂര്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന പത്ത് തെളിവുകള്‍ ഇന്ത്യ കൈമാറുമായിരുന്നെന്ന് റിപ്പോര്‍ട്ട്. പിടിയിലായ നവേദ് യാക്കൂബ് എന്ന ഉസ്മാന്‍ ഖാനില്‍ നിന്നും കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്നും ശേഖരിച്ചവയാണ് ഈ തെളിവുകള്‍.
ഗുര്‍ദാസ്പൂര്‍ ആക്രമണം ആസൂത്രണം ചെയ്യപ്പെട്ടത് പാക് മണ്ണില്‍ നിന്നാണെന്നതിനുള്ള തെളിവായി ഇന്ത്യ ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന വിവരം, കൊല്ലപ്പെട്ട തീവ്രവാദിയുടെ കണ്ടെടുത്ത ഷൂസാണ്. ഇത് പാക്കിസ്ഥാനില്‍ മാത്രം പ്രചാരത്തിലുള്ള ചീറ്റ എന്ന ഷൂ നിര്‍മാണക്കമ്പനിയുടെതാണ്. ആക്രണത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് തീവ്രവാദികളുടെ ഷൂകളും പരിശോധിച്ച് പാക്കിസ്ഥാനുമായി ഇവര്‍ക്കുള്ള ബന്ധം ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈ 27ലെ ഗുര്‍ദാസ്പൂര്‍ ആക്രമണ ദിവസം തന്നെ സമീപത്തെ റെയില്‍പ്പാതയില്‍ നിന്ന് കണ്ടെടുത്ത സ്‌ഫോടവസ്തുവിന്റെ വിശദ പരിശോധനയും പാക്കിസ്ഥാനിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ ഇതുവരെ കണ്ടെത്താത്ത തരത്തിലുള്ള സ്‌ഫോടന സാമഗ്രികളാണ് തീവ്രവാദികള്‍ അവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. നാട്ടുകാര്‍ വവരമറിയിച്ചതിനെ തുടര്‍ന്നാണ് ഈ സ്‌ഫോടന ശ്രമം വിഫലമായത്.
കഴിഞ്ഞ മാസം 27ന് ആക്രമണം നടന്ന ഗുര്‍ദാസ്പൂരില്‍ നി ന്ന് കണ്ടെടുത്ത രണ്ട് ജി പി എസ് ഉപകരണങ്ങളും പാക് മണ്ണില്‍ നടന്ന ആസൂത്രണം വ്യക്തമാക്കുന്നുണ്ട്. ജി പി എസ് ഉപകരണങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇതിന്റെ ക്രോഡീകരണം നടന്നിരിക്കുന്നത് പാക്കിസ്ഥാനിലെ സര്‍ഗോദയിലാണ്.
പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ചക്കെത്തുമ്പോ ള്‍ അദ്ദേഹത്തോട് പറയാന്‍ ഇന്ത്യ കാത്തുവെച്ച മറ്റൊരു കാര്യം, ഗുര്‍ദാസ്പൂര്‍ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികള്‍ എത്തിയിരിക്കുന്നത് രവി നദി മുറിച്ചുകടന്നാണ് എന്നതാണ്. കിഴക്കന്‍ പാക്കിസ്ഥാനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന നദിയാണിത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും ഇന്ത്യ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇവരുടെ വസ്ത്രങ്ങളില്‍ നിന്ന് നാടിനെ കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും ഇവരില്‍ ഒരാള്‍ ഉപയോഗിച്ച കൈയുറയില്‍ പാക്കിസ്ഥാന്‍ നിര്‍മിതം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് കണ്ടെടുത്ത ഡിസ്‌പോസിബിള്‍ റോക്കറ്റ് ലോഞ്ചറില്‍ യൂഗോസ്ലാവിയ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഫോറന്‍സിക് പരിശോധനകള്‍ പ്രകാരം കാട്രിഡ്ജുകള്‍ ചൈന, റഷ്യ, ചെക്‌റിപബ്ലിക് നിര്‍മിതമാകാനാണ് സാധ്യത. അക്രമസ്ഥലത്ത് നിന്ന് കണ്ടെടുത്ത എ കെ 47 തോക്കിലെ ലേബലുകള്‍ മായ്ച്ചുകളഞ്ഞ നിലയിലായിരുന്നു. ഫോറന്‍സ് പരിശോധനകളില്‍ നിന്ന് വ്യക്തമാകുന്നത് ഇത് ചൈനീസ് ഉത്പന്നമാണെന്നാണ്.