Connect with us

National

നേതാജിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷനെ (സി ഐ സി) പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സര്‍ക്കര്‍ തയ്യാറാകാത്തത്. സര്‍ക്കാറിന്റെ പക്കല്‍ സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ചുള്ള ഫയല്‍ ഉണ്ടെന്നും പക്ഷേ, അത് പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം നടന്ന സി ഐ സി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച ഫയലുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷനര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടിയിരുന്നു.
വിവാരാവകാശ നിയമത്തിലെ സെക്ഷന്‍ (ഒന്ന്) (എ) പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്നതും സുരക്ഷ, നയതന്ത്ര, ശാസ്ത്ര, സാമ്പത്തിക താത്പര്യങ്ങളെ ഹനിക്കുന്നതും വിദേശനയങ്ങള്‍ സംബന്ധിച്ചതും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതുമായ വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, വിവരാവകാശ നിയമത്തിലെ എട്ട് (രണ്ട്) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍ കമ്മീഷന് മുന്നില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
സ്ഥാപിത താത്പര്യങ്ങളെക്കാള്‍ പൊതുതാത്പര്യം ഉയര്‍ന്നുനില്‍ക്കുന്നുണ്ടെങ്കില്‍ അത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്നാണ് ഈ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്. സുഭാഷ് ചന്ദ്രബോസ് 70 വര്‍ഷം മുമ്പ് നിഗൂഢത അവശേഷിപ്പിച്ച് അപ്രത്യക്ഷമായത് സംബന്ധിച്ച വിവരം പുറത്തുവിടുക വഴി രാജ്യത്തിന്റെ വിദേശബന്ധത്തെ ഒരുതരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്നാണ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ഇതു സംബന്ധിച്ച വിവരം ലഭ്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രേഖാമൂലം അറിയിക്കണമെന്ന സി ഐ സിയോടുള്ള അഗര്‍വാളിന്റെ ആവശ്യം നേരത്തേ കമ്മീഷനര്‍ വിജയ് ശര്‍മ തള്ളിയിരുന്നു.