ദക്ഷിണ സുഡാനിലെ സമാധാന കരാര്‍ പ്രാവര്‍ത്തികമാകില്ല

Posted on: August 28, 2015 6:00 am | Last updated: August 27, 2015 at 11:39 pm
SHARE

machar, salva kirജുബ (ദക്ഷിണ സുഡാന്‍): കലാപ കലുഷിതമായ ദക്ഷിണ സുഡാനില്‍ സമാധാന പ്രതീക്ഷയുണര്‍ത്തി പ്രസിഡന്റ് സല്‍വാ കിറും വിമത നേതാവ് റീക് മച്ചറും ഒപ്പു വെച്ച കരാര്‍ പ്രാവര്‍ത്തികമാകില്ലെന്ന് വിലയിരുത്തല്‍. മച്ചര്‍ വിഭാഗത്തിലെ ഒരു സംഘം കരാര്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി രംഗത്തു വന്നതോടെയാണ് ഇത്. മധ്യസ്ഥര്‍ നിരന്തരം ശ്രമിച്ചിട്ടും കിര്‍ സമാധാന കരാറില്‍ ഒപ്പു വെക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ തലസ്ഥാനമായ ജുബയില്‍ ആഫ്രിക്കന്‍ യൂനിയന്‍ നേതാക്കളുടെ സാന്നിധ്യത്തിലാണ് ധാരണ പിറന്നത്. അനുരഞ്ജന ശ്രമങ്ങള്‍ക്ക് നേതൃത്വം ഉഗാണ്ടന്‍ പ്രസിഡന്റ്, എത്യോപ്യന്‍ പ്രധാനമന്ത്രി തുടങ്ങിയവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എത്യോപ്യന്‍ തലസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചക്ക് ശേഷം, കരാറില്‍ ഒപ്പു വെക്കാന്‍ വിമത നേതാവ് റീക് മച്ചര്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ തന്റെ സര്‍ക്കാറിന് കൂടുതല്‍ കൂടിയാലോചന വേണമെന്ന നിലപാടെടുക്കുകയായിരുന്നു പ്രസിഡന്റ് സല്‍വാ കിര്‍. കരാറിന്റെ ഉള്ളടക്കത്തില്‍ അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കരാറില്‍ ഒപ്പു വെക്കാന്‍ കിര്‍ ഭരണകൂടം തയ്യാറല്ലെങ്കില്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് യു എന്‍ ഭീഷണി മുഴക്കിയതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു. കരാര്‍ നിലവില്‍ വന്നതോടെ ദക്ഷിണ സുഡാന്റെ പിരവിയോടെ തന്നെ തുടങ്ങിയ ആഭ്യന്തര സംഘര്‍ഷത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷ. അതേസമയം, കരാര്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായി മച്ചറിന്റെ ഗ്രൂപ്പിലെ ചില കമാന്‍ഡര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. കരാര്‍ നേതാക്കള്‍ തമ്മിലുള്ള ധാരണ മാത്രമാണെന്നും പോരാട്ടം തുടരുമെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മച്ചറും കിറും കാലങ്ങളായി പോരടിക്കുന്ന രണ്ട് വംശീയ വിഭാഗങ്ങളുടെ പ്രതിനിധികളാണ്.