ആസ്ത്രിയയില്‍ അമ്പതോളം അഭയാര്‍ഥികള്‍ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍

Posted on: August 28, 2015 5:35 am | Last updated: August 27, 2015 at 11:36 pm
SHARE

വിയന്ന: ആസ്ത്രിയയില്‍ 50ഓളം അഭയാര്‍ഥികളെ ട്രക്കിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് അനുഭവിക്കുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ബാല്‍ക്കന്‍ നേതാക്കളും വിയന്നയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് സംഭവം. ആസ്ട്രിയയിലെ ബര്‍ഗന്‍ലാന്‍ഡ് സ്റ്റേറ്റില്‍ ഹൈവേക്ക് സമീപം നിര്‍ത്തിയിട്ട ട്രക്കിലാണ് അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് വക്താവ് അറിയിച്ചു.
അതേസമയം എങ്ങനെയാണ് അഭയാര്‍ഥികള്‍ ട്രക്കിനുള്ളില്‍ മരിച്ചതെന്ന് വ്യക്തമായിട്ടില്ല. വലിയ ദുരന്തമെന്ന് ഇതിനെ ആസ്ട്രിയ വിശേഷിപ്പിച്ചു. അനധികൃത മനുഷ്യക്കടത്ത് തടയുന്നതിനും അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന്റെയും അടിയന്തര ആവശ്യമാണ് ഈ ദുരന്തം അനുസ്മരിപ്പിക്കുന്നതെന്ന് ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി ജൊഹാന മിക്‌ലെയ്റ്റ്‌നര്‍ പറഞ്ഞു. സിറിയന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 28,300 പേരാണ് അഭയാര്‍ഥി സംരക്ഷണം തേടി ആസ്ട്രിയയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 107,500 അഭയാര്‍ഥികള്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി എത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബുധനാഴ്ച മാത്രം 3,000 പേരാണ് അതിര്‍ത്തി കടന്നത്. അതേസമയം തങ്ങളനുഭവിക്കുന്ന അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂനിയനിലെ മറ്റ് അംഗരാജ്യങ്ങളും പങ്കാളികളാകണമെന്ന് ജര്‍മനി ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ വിയന്നയില്‍ ഒത്തുകൂടാന്‍ തീരുമാനിച്ചത്. അഭയാര്‍ഥികള്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത് മാസിഡോണിയ, സെര്‍ബിയ രാജ്യങ്ങള്‍ വഴിയാണ്. വെസ്റ്റേണ്‍ ബാല്‍ക്കണ്‍ റൂട്ട് എന്നറിയപ്പെടുന്നത് ഈ വഴിയാണ്. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അടിയന്തരമായി കര്‍മ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഈ രണ്ട് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അഭയാര്‍ഥി പ്രതിസന്ധി അനുഭവിക്കുന്ന മറ്റൊരു യൂറോപ്യന്‍ യൂനിയന്‍ രാജ്യമായ ഹംഗറി ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വേണമെന്ന കാര്യത്തില്‍ ഹംഗറി പാര്‍ലിമന്റംഗങ്ങള്‍ അടുത്ത ദിവസം വോട്ട് രേഖപ്പെടുത്തും.