കറുവപ്പട്ടയെന്ന പേരില്‍ വില്‍ക്കുന്നത് എലി വിഷം

Posted on: August 28, 2015 5:32 am | Last updated: August 27, 2015 at 11:35 pm
SHARE

cinnamon_leaf_ KNR>>കാസിയയുടെ പ്രധാന വിപണി ഇന്ത്യ തന്നെ

കണ്ണൂര്‍: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കാസിയയുടെ പ്രധാന വിപണി ഇന്ത്യ തന്നെ. അമേരിക്കക്കാര്‍ എലിവിഷമായി ഉപയോഗിക്കുന്ന കൊമറിന്‍ എന്ന വിഷപദാര്‍ഥം അടങ്ങിയ കാസിയ മിക്ക രാജ്യങ്ങളിലും നിരോധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇതിന്റെ വിപണി ഇപ്പോഴും സജീവമാണ്. കരളിനെയും വൃക്കകളെയും ഗുരുതരമായി ബാധിക്കുന്ന രാസപദാര്‍ഥമാണ് കൊമറിന്‍ എന്നും ഇത് അടങ്ങിയ കാസിയ കഴിക്കാന്‍ പാടില്ലെന്നും ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. കാസിയ ഇറക്കുമതി തടയണമെന്ന നിര്‍ദേശം കസ്റ്റംസിനും വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്കും നല്‍കിയിട്ടുമുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ കറുവപ്പട്ടക്കു പകരം കാസിയ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഉത്തരവും ഇറങ്ങി. ഇതെല്ലാമുണ്ടായിട്ടും ഇപ്പോഴും വിപണികളില്‍ കാസിയ സുലഭമായിത്തന്നെയാണ് ലഭിക്കുന്നത്. കാസിയ വില്‍പ്പന വ്യാപകമായതോടെ കര്‍ഷകര്‍ കറുവപ്പട്ട കൃഷി ഉപക്ഷിക്കുകയാണെന്ന് റെഡ് സ്റ്റാന്‍ എസ്‌റ്റേറ്റ് ഉടമ പയ്യാമ്പലം ജോണ്‍സ് വില്ലയിലെ ലിയോണാര്‍ഡ് ജോണ്‍ പറയുന്നു. രാജ്യത്ത് കനത്ത നഷ്ടത്തിലാണ് കറുവപ്പട്ട കൃഷി. വരവിനെക്കാള്‍ വളരെ കൂടുതലാണ് ചെലവ്. നഷ്ടം അസഹ്യമായപ്പോഴാണ് ഒരു ദശാബ്ദം മുന്‍പ് അഞ്ചരക്കണ്ടി കറുവപ്പട്ട എസ്‌റ്റേറ്റിനു താഴുവീണത്. ചൈനീസ് പട്ടയുടെ ഇറക്കുമതി നിരോധിക്കുകയും ശ്രീലങ്കയില്‍നിന്നുള്ള കറുവപ്പട്ട ഇറക്കുമതി നിയന്ത്രിക്കുയും ചെയ്യുന്നത് ഇന്ത്യയില്‍ കറുവപ്പട്ട കൃഷി ലാഭകരമാകുന്നതിനു വഴിയൊരുക്കുമായിരുന്നു. എന്നാല്‍ ഇതിനുള്ള നടപടി ഉണ്ടായില്ല.ഫ്രാന്‍സ് ഉള്‍പ്പെടെ പല രാജ്യങ്ങളും ചൈനീസ് പട്ട ഉപയോഗത്തിനെതിരെ ടെലിവിഷന്‍ അടക്കം മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും കറുവപ്പട്ട കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള നടപടി ഉണ്ടാകുന്നില്ല.അതേ സമയം കാസിയയുടെ വിലക്കുറവാണ് ഇറക്കുമതിക്കാരെയും വ്യാപാരികളെയും ആകര്‍ഷിക്കുന്നത്. 2000ത്തില്‍ കാസിയക്കും കറുവപ്പട്ടക്കും കിലോക്ക് നൂറുരൂപക്ക് അടുത്തായിരുന്നു വില . നേരിയ ചുവപ്പോടു കൂടിയ തവിട്ടു നിറമുള്ള കാസിയ കാഴ്ചയില്‍ യഥാര്‍ഥ കറുവാപ്പട്ടയില്‍ നിന്ന് വേഗം തിരിച്ചറിയാനാകില്ല. ശരിയായ കറുവാപ്പട്ട കട്ടികുറഞ്ഞതായതിനാല്‍ ഒരു പെന്‍സില്‍ അകത്ത് വച്ച് ചുരുട്ടിയെടുക്കാം. കാസിയയുടെ പുറംഭാഗത്തിന് കനം കൂടുതലാണ്. ശരിയായ കറുവാപ്പട്ട അയഡിനില്‍ മുക്കി നോക്കിയാല്‍ വലിയ മാറ്റം ഉണ്ടാകില്ല. കാസിയയാണെങ്കില്‍ നീല നിറമാകും.