സംസ്ഥാനത്ത് സിസേറിയന്‍ നിരക്ക് ക്രമാതീതമായി ഉയരുന്നു

Posted on: August 28, 2015 5:31 am | Last updated: August 28, 2015 at 12:21 am
SHARE

തിരുവനന്തപുരം; സംസ്ഥാനത്ത് സര്‍ക്കാര്‍- സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ സിസേറിയന്‍ നിരക്ക് ക്രമാതീതമായി ഉയരുന്നു. സിസേറിയന്‍ കണക്കുകളിലെ പൊരുത്തമില്ലാത്ത വര്‍ധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും ഇതൊന്നും ഫലപ്രദമായില്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.
0സിസേറിയന്‍ വര്‍ധിച്ച ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതല്ലാതെ മറ്റു തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല.
സംസ്ഥാനത്തെ മൊത്തം സിസേറിയനുകള്‍ ശരാശരി 39.8 ശതമാനമാണ്. ഉയര്‍ന്ന നിരക്ക് എറണാകുളം ജില്ലയില്‍. 57 ശതമാനം. വയനാട്, കാസര്‍കോട് ജില്ലകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റിടങ്ങളിലെല്ലാം ലോകാരോഗ്യസംഘടനയുടെ പരിധിയായ മുപ്പത് ശതമാനത്തിന് മുകളിലാണ്. ഇത് സംബന്ധമായി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സിസേറിയന്‍ സംബന്ധിച്ച ഏറെ ഗൗരവമര്‍ഹിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. ഇന്ന് പുറത്തിറങ്ങുന്ന സിറാജ് വാര്‍ഷികപ്പതിപ്പില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപമുണ്ട്.
സ്വകാര്യ ആശുപത്രികളുടെ കാര്യത്തില്‍ 45 മുതല്‍ 50 ശതമാനം വരെ സിസേറിയനുകള്‍ നടക്കുന്നുവെന്നാണ് ശരാശരി കണക്ക്. എറണാകുളം, കൊല്ലം ജില്ലകളിലെ ചില സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനത്തിലേറെയാണ് സിസേറിയന്‍ നിരക്ക്. മാര്‍ച്ച് 31ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.49 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
മാതൃത്വത്തിന്റെ വിവിധതലങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന വാര്‍ഷികപ്പതിപ്പില്‍ പ്രമുഖരായ എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും അവരുടെ അമ്മാരെക്കുറിച്ച് സംസാരിക്കുന്നു. സാഹിത്യം, സിനിമ, ഗാനങ്ങള്‍ തുടങ്ങിയവയിലെ മാതൃസാന്നിധ്യവും പതിപ്പ് വിശകലനം ചെയ്യുന്നുണ്ട്. കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയില്‍ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്യും.