Connect with us

National

കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സുന്നീ നേതാക്കള്‍ പ്രധാന മന്ത്രിയെ കണ്ടു

Published

|

Last Updated


അഖിലേന്ത്യാ സുന്നി സംഘടനാ നേതാക്കള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍. അഖിലേന്ത്യാ മശാഇഖ് ബോര്‍ഡിന്റെ ലോഗോ മോദിക്ക് കൈമാറുന്നു.

ന്യൂഡല്‍ഹി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നാല്‍പ്പതോളം പണ്ഡിതന്മാര്‍ പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി.
അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ , അഖിലേന്ത്യാ മശാഇഖ് ബോര്‍ഡ്, അഖിലേന്ത്യാ സുന്നീ വിദ്യാഭ്യാസ ബോര്‍ഡ്, അഖിലേന്ത്യാ സൂഫീ പണ്ഡിത സഭ തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിത്തിലാണ് സുന്നീ പണ്ഡിതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. 45 മിനുട്ട് നീണ്ട കൂടിക്കാഴ്ചയില്‍ രാജ്യത്ത് മുസ്‌ലിംകള്‍ പൊതുവിലും സുന്നീ സമൂഹം പ്രത്യേകിച്ചും നേരിടുന്ന പ്രയാസങ്ങളും വിഷമതകളും സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയും ആശങ്കയും ഇല്ലാതാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുക, ഇന്ത്യാ ചരിത്രം പക്ഷപാതപരമായി പുന:സൃഷ്ടിക്കരുത് , വിദ്യാഭ്യാസ മേഖലയില്‍ മതേതര കാഴ്ചപ്പാടും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുക, രാജ്യത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ തലസ്ഥാന നഗരിയില്‍ അന്യാധീനപ്പെട്ട വഖ്ഫ് ഭൂമികള്‍ ബന്ധപ്പെട്ട സുന്നി അവകാശികള്‍ക്ക് നല്‍കുക, എയര്‍ ഇന്ത്യയുടെ സര്‍വീസ് കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുന്നതോടപ്പം സീസണിലും അല്ലാത്ത ഘട്ടങ്ങളിലും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ച് യാത്രക്കാരെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുള്‍ക്കൊള്ളുന്ന നിവേദനം സംഘം പ്രധാനമന്ത്രിക്ക് നല്‍കി.
രാജ്യത്തെ പ്രമുഖ പണ്ഡിത സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിച്ച് അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി സംഘത്തിന് ഉറപ്പ് നല്‍കിയതായി ചര്‍ച്ചക്ക് ശേഷം കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു. സൂഫീ പണ്ഡിതര്‍ രാജ്യത്തിന്റെ പൊതുചിന്താധാരയുടെ ഭാഗമാണെന്നും ഇന്ത്യയുടെ ബഹുസ്വര സമൂഹത്തിന്റെ വളര്‍ച്ചക്ക് സൂഫി പണ്ഡിതരുടെ പ്രവര്‍ത്തനം സഹായകമായിട്ടുണ്ടന്നും പ്രധാനമന്ത്രി സംഘത്തോട് പറഞ്ഞു. തീവ്രവാദത്തിനെതിരെ പണ്ഡിതര്‍ ശക്തമായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, അഖിലേന്ത്യാ മശാഇഖ് ബോര്‍ഡ് അധ്യക്ഷന്‍ ഹസ്രത്ത് സയ്യിദ് മുഹമ്മദ് അശ്‌റഫ് കിച്ചൗച്ചവി, കൊല്‍ക്കത്ത മഖ്ദൂം അശ്‌റഫി മിഷന്‍ പ്രസിഡന്റ് ഹസ്രത്ത് സയ്യിദ് ജലാലുദ്ദീന്‍ അശ്‌റഫ്, ഹസ്രത്ത് സയ്യിദ് അഹ് മദ് നിസാമി, ഡല്‍ഹി നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയിലെ സജ്ജാദ നിഷാന്‍ എന്നിവര്‍ സംഘത്തിലെ പ്രമുഖരാണ്.

Latest