കട്ടില്‍മാടം സംരക്ഷണമില്ലാതെ നശിക്കുന്നു

Posted on: August 27, 2015 3:25 pm | Last updated: August 27, 2015 at 3:25 pm
SHARE

pattambi kuttupathayil nilkunna kattil madam
പട്ടാമ്പി: കുറ്റനാട് ഹൈവേയില്‍ കൂട്ടുപാതക്കടുത്ത് ചാല്‍പ്പുറം ജുമാമസ്ജിദിന് സമീപം പാതവക്കില്‍ കിടക്കുന്ന കട്ടില്‍മാടം സംരക്ഷണമില്ലാതെ നശിക്കുന്നു. ശില്‍പ്പ വൈവിധ്യം വിളിച്ചോതുന്നതാണ് ഈ സ്തൂപം. മുമ്പ് ഇതിന്റെ സംരക്ഷണം പൊതുമരാമത്ത് വകുപ്പിനായിരുന്നു. എന്നാല്‍ 2004ല്‍ ഇത് പുരാവസ്തു വകുപ്പിന് കൈമാറി. എന്നാല്‍ ഈ രണ്ട് വകുപ്പുകളും ഇത് വരെ സംരക്ഷിക്കാന്‍ യാതൊരു നടപടിയുമുണ്ടായില്ല.
ഇന്നിവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഇതിനുള്ളിലാണ് പല വേസ്റ്റുകളും ഇപ്പോള്‍ നിക്ഷേപിക്കുന്നത്.ഈ കരിങ്കല്‍ സ്തൂപത്തിന് നുറ്റാണ്ടുകളുടെപഴക്കമുണ്ട്,. ജൈനസംസ്‌കൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണിത്. ചതുരാകൃതിയിലാണ് ഇതിന്റെ നിര്‍മതി, മുകളില്‍ മകുടവും വശങ്ങളില്‍ വ്യത്യസ്ത ശില്‍പ്പങ്ങളും ഇതില്‍ കൊത്തിയിട്ടുണ്ട്. ഇതിന്റെ മുന്നിലെ കുറ്റന്‍ കരിങ്കല്‍പാളികള്‍ അടര്‍ന്ന് വീണിട്ടുണ്ട്.എന്നാല്‍ മറ്റ് ഭാഗങ്ങള്‍ക്കൊന്നും കേട്പാട് സംഭവിച്ചിട്ടില്ല, ജൈനമതാചാര്യന്‍മാരുടെ രൂപമാണ് കരിങ്കല്‍ സ്തൂപത്തിലുള്ളത്.ജൈന, ബുദ്ധ ആസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കട്ടില്‍ എന്ന പദം ഉപയോഗിക്കുന്നത്.
ഗോപുരസ്തംഭം, വാതായനസ്താനം എന്നി അര്‍ഥങ്ങള്‍ ഇതിനുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തൃത്താലയുടെ എതിര്‍ക്കരയിലുള്ള പള്ളിപ്പുറം കുളമുക്ക് ഗ്രാമം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു പട്ടണമായിരുന്നെന്നും അറബിക്കടലില്‍ നിന്ന് ഭാരതപ്പുഴയിലൂടെ ഗതാഗതം ഉണ്ടായിരുന്നുതെന്നും 1233 ലെ ഒരു കന്നടലിഖിതത്തില്‍ പരാമര്‍ശമുണ്ട്. അന്ന് വാണിജ്യത്തിനായി വന്ന ജൈനമതക്കാര്‍ നിര്‍മിച്ചതാവാം കട്ടില്‍മാടമെന്നാണ് അനുമാനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വസ്തുശില്‍പ്പം പരിപാലിക്കാതെ നശിക്കുന്നതിലൂടെ പഴമയുടെ സംസ്‌കൃതി തന്നെ ഇല്ലാതാവാന്‍ ഇടയുണ്ട്.