ആര്‍ എം എസ് എ ശാസ്ത്രാധ്യാപകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും പട്ടിണിയുടെ ഓണം

Posted on: August 27, 2015 3:24 pm | Last updated: August 27, 2015 at 3:24 pm
SHARE

പാലക്കാട്: രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍(ആര്‍ എം എസ് എ) കീഴിലുള്ള പത്തൊമ്പത് വിദ്യാലയങ്ങളിലെ ശാസ്ത്ര അധ്യാപകരുടെയും ക്ലര്‍ക്കുമാരുടെയും ഓണക്കാലം പട്ടിണിയിലേക്ക്. രണ്ടു മാസമായി ഈ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കുംശമ്പളം ലഭിച്ചിട്ട്.
ഫണ്ടില്ലെന്ന് പറയുന്ന ആര്‍ എം എസ് എ ഇതേ വിദ്യാലയങ്ങളില്‍ ഓണം പ്രമാണിച്ച് ഓരോ അധ്യാപകര്‍ക്കും ശമ്പളം കൂടാതെ പതിനായിരം രൂപ വീതം മുന്‍കൂര്‍ നല്‍കുമ്പോഴാണ് ഈ കടുത്ത വിവേചനം. ഈ ഇനത്തില്‍ ജില്ലയില്‍ ആറ് ലക്ഷത്തി മുപ്പതിനായിരം രൂപയാണ് മുന്‍കൂറായി ആര്‍ എം എസ് എ കഴിഞ്ഞ തിങ്കളാഴ്ച ശമ്പളത്തോടൊപ്പം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന യു പി വിദ്യാലയങ്ങള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്താനായാണ് കേന്ദ്ര പദ്ധതിയില്‍ ജില്ലയിലെ 19 വിദ്യാലയങ്ങളെ ഉള്‍പെടുത്തിയത്.
നാലു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്‌ക്കൂളുകളില്‍ പി എസ് സി നിയമനത്തിലൂടെയും സ്ഥലമാറ്റത്തിലൂടെയും എത്തിയവര്‍ക്കാണ് രണ്ട് മാസമായി ശമ്പളം വിലക്കിയിരിക്കുന്നത്. പുതിയ മാനദണ്ഡപ്രകാരം ആറിലധികം അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്നാണ് ആര്‍ എം എസ എ യുടെ നിലപാട്.
അഞ്ച് അധ്യാപകരും ഒരു പ്രധാന അധ്യാപകനും എന്ന രീതിയിലാണ് തസ്തിക ജൂലൈ മുതല്‍ പുതുക്കി നിശ്ചയിച്ചത്. പക്ഷെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്റ്റാഫ് ഫിക്‌സേഷന്‍ വഴി അനുവദിച്ച തസ്തികയാണ് ആര്‍എം എസ് എ ഒരു മുന്നറിയിപ്പില്ലാതെ ഇല്ലാതാക്കിയത്. ഇതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിനോ അധ്യാപക സംഘടനകള്‍ക്കോ ഒരു അറിവുമില്ല. ക്ലര്‍ക്കിന്റെ പോസ്റ്റും അനുവദനീയമല്ലെന്നാണ് ശമ്പളം നിഷേധിച്ചു കൊണ്ടു പത്തൊമ്പത് വിദ്യാലയങ്ങളെ ആഗസ്റ്റ് മാസാദ്യംആര്‍എം എസ്.എ അറിയിച്ചത്. വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞ ശേഷം ശമ്പളം ഇല്ലെന്ന തീരുമാനമെടുത്തതില്‍ അധ്യാപകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും കടുത്ത പ്രതിഷേധമാണ് ഉള്ളത്.
ഏഴാമതൊരാള്‍ക്ക് ശമ്പളം നല്‍കാന്‍ മതിയായ ഫണ്ടില്ലായെന്നാണ് ആര്‍എം എസ് എ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഓണത്തോടനുബന്ധിച്ച് എല്ലാ അധ്യാപകര്‍ക്കും പതിനായിരം രൂപ വീതം ഇതേ ആര്‍ എം എസ് എ നല്‍കി കഴിഞ്ഞു. കൂടാതെ ഉത്സവബത്തയും വിതരണം ചെയ്തു കഴിഞ്ഞു. ഒരു വിദ്യാലയത്തില്‍ ഓണം അഡ്വാന്‍സിന് മാത്രമായി അറുപതിനായിരം രൂപ കണ്ടെത്തണം.
ശമ്പളവും മറ്റാനുകൂല്യങ്ങളും തടഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിദ്യാലയങ്ങളിലെ ക്ലര്‍ക്കുമാര്‍ സ്ഥലം മാറി പോയതും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ആഗസ്റ്റ് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കുന്നതിനാല്‍ ഈ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂറായി നല്‍കുന്ന തുകയും നഷ്ടമാകും.ഓണം കഴിഞ്ഞ് അഡ്വാന്‍സ് നല്‍കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. ശമ്പളം ലഭിക്കാത്ത പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും രണ്ട് മാസമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആര്‍ എം എസ് എ വിഭാഗത്തിലാണെങ്കില്‍ ചുമതലയുള്ള ഓഫീസര്‍ പ്രൊമോഷന്‍ ലഭിച്ച് സ്ഥലം മാറി പോവുകയും ചെയ്തു. അതേ സമയം പാലക്കാട് ആര്‍ എം എസ് എ വിദ്യാലയങ്ങളിലെ രക്ഷകര്‍ത്തൃ സമിതി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.