Connect with us

Palakkad

വാളയാര്‍ ദേശീയപാത കുരുതിക്കളമാകുന്നു; രണ്ടു മാസത്തിനിടെ പൊലിഞ്ഞത് എട്ടുജീവന്‍

Published

|

Last Updated

പാലക്കാട്: വികസന സ്വപ്‌നങ്ങളുടെ ചിറകുമുളപ്പിച്ച വാളയാര്‍ നാലുവരി ദേശീയപാത കുരുതിക്കളമാകുന്നു. അമിതവേഗതയും അശ്രദ്ധയും മൂലം ഇവിടെ ജീവന്‍ പൊലിയുന്നത് സാധാരണമായി മാറിയിരിക്കുന്നത് ജനങ്ങളെ ഞെട്ടിക്കുകയാണ്.
ഇന്നല രാത്രിയുണ്ടായ അപകടത്തോടെ രണ്ടുമാസത്തിനിടെ ഇവിടെയുണ്ടായ അഞ്ച് അപകടമരണങ്ങളില്‍ പൊലിഞ്ഞത് എട്ടു ജീവനുകള്‍. അപകടങ്ങളില്‍ പരിക്കേറ്റവര്‍ നിരവധിയാണ്. ചികിത്സയില്‍ കഴിയവെ മരണമടഞ്ഞവര്‍ വേറെയും. ഇന്നലെ തെരുവുനായ വില്ലനായതാണ് നാലുപേരുടെ ജീവന്‍ കവര്‍ന്നത്.
കൊയ്യാമരക്കാടുവച്ച് തെരുവുനായയെ ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികനേയും രക്ഷിക്കാനെത്തിയ മൂന്നുപേരേയും പിന്നില്‍നിന്നുംവന്ന മിനി ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറിയുടെ അമിതവേഗതതന്നെയാണ് ജീവനുകള്‍ കവര്‍ന്നതെങ്കിലും ദേശീയപാതയുടെ ചില ഭാഗങ്ങളില്‍ തെരുവു വിളക്കുകളുടെ അഭാവവും പ്രദേശത്തെ അപകടങ്ങള്‍ക്കു ആക്കംകൂട്ടുന്നുണ്ട്.
ഇക്കഴിഞ്ഞ 19ന് പതിനാലാംകല്ലില്‍ കാറുമായി കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍ തങ്കരാജ്, ശിവമുരുകന്‍ എന്നിവരാണ് മരിച്ചത്. ഈ അപകടവും രാത്രിയാണുണ്ടായത്. ഇതിന്റെ പിറ്റേദിവസംതന്നെ പുതുശേരി പഞ്ചായത്ത് ഓഫീസിനു സമീപം ബൈക്കിനു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുകുട്ടികളുള്‍പ്പടെ നാലുപേര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപടലിലൂടെ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്.
അതിനുമുമ്പും നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ബൈക്കപകടത്തില്‍ മരിച്ച ദമ്പതികള്‍, സൈക്കിള്‍ യാത്രികന്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്, കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ചത് ഇങ്ങനെ നീളുന്നു അപകടങ്ങളുടെ പരമ്പര.
ഇതെല്ലാം ദേശീയപാത വികസനത്തിനുശേഷമാണ് വന്നത്. നാലുവരിയായതിനാല്‍തന്നെ രണ്ടുഭാഗത്തുംനിന്നുവരുന്ന വാഹനങ്ങള്‍ക്ക് രണ്ടുവരിയായിതന്നെ പോകാന്‍ ഇടവുമുണ്ട്. നീണ്ടുകിടക്കുന്ന പാതയായതിനാല്‍ ദൂരകാഴ്ചയും ലഭിക്കും. ഇതിനാല്‍ അമിതവേഗതയിലാണ് വാഹനങ്ങള്‍ പോകുന്നത്.
പ്രത്യേകിച്ചും രാത്രിയില്‍. അതിര്‍ത്തികടന്നെത്തുന്ന ചരക്കുലോറികള്‍ വേറെയും. പകല്‍സമയം വാഹനങ്ങളുടെ തിരക്കേറെയായതിനാല്‍തിരക്കുകുറഞ്ഞ രാത്രിസമയം വാഹനങ്ങള്‍ വേഗതകൂട്ടുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാരും പറയുന്നു.
അപകടംസംഭവിച്ചാല്‍ ആദ്യമെത്തുന്നത് ദേശീയപാതക്കു സമീപമുള്ള നാട്ടുകാര്‍തന്നെയാണ്. വാളയാര്‍ പോലീസ് സ്‌റ്റേഷനും ഇവിടെയാണ്. രാത്രിസമയങ്ങളില്‍ ഹൈവേ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാര്‍ക്കിടയിലുണ്ട്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ കഞ്ചിക്കോട് ഭാഗങ്ങളിലുണ്ട്.
ഇവിടങ്ങളിലുള്ളവര്‍ പലരും ഡ്യൂട്ടികഴിഞ്ഞുപോകുന്നത് രാത്രിയും പുലര്‍ച്ചെയുമായാണ്. ഇത്തരത്തില്‍ പലരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പോലീസ് സാന്നിധ്യം ദേശീയപാതയുടെ പലഭാഗത്തുമുണ്ടായാല്‍ വാഹനങ്ങളുടെ അമിതവേഗതയ്ക്ക് കുറെ ആക്കംകിട്ടും.

Latest