Connect with us

Kozhikode

ഉമര്‍ അബ്ദുല്ല കാമിലിയുടെ വിയോഗം തീരാനഷ്ടം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയിലെ അസാമാന്യ പ്രതിഭയായിരുന്ന ഡോ. ഉമര്‍ അബ്ദുല്ല അല്‍ കാമിലിയുടെ വിയോഗം ഇസ്‌ലാമിക ധൈഷണിക ലോകത്തിന് തീരാനഷ്ടമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ദീനീ വിജ്ഞാനീയങ്ങള്‍ക്കും അവയുടെ പ്രചാരണത്തിനും അതീവ ശ്രദ്ധ നല്‍കിയിരുന്ന അദ്ദേഹത്തിന്റെ ജീവിതം മതവിദ്യാര്‍ഥികളും ദഅ്‌വാ പ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മര്‍കസില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. ഈജിപ്തിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ തത്തുല്ല്യ പദവിയുള്ള കോഴ്‌സുകള്‍ മര്‍കിസില്‍ ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുക വഴി സമാനതകളില്ലാത്ത സേവനങ്ങളാണ് അദ്ദേഹം മര്‍കസിനും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും നല്‍കിയതെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു. “ദീനീ വൈജ്ഞാനിക വ്യാപനത്തില്‍ ഡോ.ഉമര്‍ കാമിലിയുടെ പങ്ക്, ജീവിതവും ദര്‍ശനവും” “ഗ്രന്ഥങ്ങളും ധൈഷണിക ഇടപെടലുകളും” എന്നീ വിഷയങ്ങളില്‍ യഥാക്രമം മര്‍കസ് കുല്ലിയ്യ വിദ്യാര്‍ഥികളായ ജാബിര്‍ പറമ്പില്‍, മുഹമ്മദ് ഫൈളാന്‍ റസ യു പി, സൈനുല്‍ ആബിദീന്‍ വയനാട് പ്രബന്ധങ്ങളവതരിപ്പിച്ചു.
എ പി മുഹമ്മദ് മുസ്‌ലിയാര്‍, വി പി എം വില്ല്യാപള്ളി, അബ്ദുല്‍ അസീസ് സഖാഫി, മലയമ്മ അബ്ദുല്ല സഖാഫി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി ആശംസിച്ചു. ത്വാഹ തൃശൂര്‍ സ്വാഗതവും ഷംഷാദ് യു പി നന്ദിയും പറഞ്ഞു.