പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ മാഫിയക്ക് ഒത്താശ ചെയ്യുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി സി സി ഓഫീസ് ഉപരോധിച്ചു

Posted on: August 27, 2015 3:01 pm | Last updated: August 27, 2015 at 3:01 pm
SHARE

കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് അകാരണമായി റെയ്ഡ് നടത്തുന്നതായും പാര്‍ട്ടി ജില്ലാ നേതൃത്വത്തിലെ ചിലര്‍ മാഫിയാ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി സി സി ഓഫീസ് ഉപരോധിച്ചു.

അരിക്കുളം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന 40 ഓളം പേരാണ് ഇന്നലെ രാവിലെ രണ്ടര മണിക്കൂറോളം ഡി സി സി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. അരിക്കുളം മണ്ഡലത്തിലെ ഒരു വിദേശ വ്യവസായിയും തൊഴിലാളിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നം പരിഹരിക്കുന്നതില്‍ ഡി സി സി നേതൃത്വത്തിലെ ചിലര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പ്രാദേശിക നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഉപരോധം. ഉപരോധത്തെ തുടര്‍ന്ന് ഡി സി സി നേതൃത്വം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും സമരക്കാരുമായും ചര്‍ച്ച നടത്തി. പ്രാദേശികായ പ്രശ്‌നത്തില്‍ പക്ഷപാതപരമായി പെരുമാറിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാമെന്നും വീടുകളില്‍ റെയ്ഡ് നടത്തുന്നത് അവസാനിപ്പിക്കാമെന്നും മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനല്‍കിയതായി സമരക്കാര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
കുറ്റിയില്‍ ബശീര്‍ എന്ന ഗള്‍ഫ് ബിസിനസുകാരനും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ തൊഴിലാളിയായ ഗഫൂറും തമ്മില്‍ പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഗഫൂറിന് ബശീര്‍ 50,000 രൂപ കൊടുക്കാനുണ്ടെന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. പ്രശ്‌നത്തില്‍ ബശീറിന് വേണ്ടി വാദിച്ച കൈതേരിക്കണ്ടി അശ്‌റഫ് എന്നയാള്‍ ഗഫൂറിനെ കയ്യേറ്റം ചെയ്തുവെന്ന പരാതി ഉയര്‍ന്നതോടെയാണ് പ്രശ്‌നം രൂക്ഷമായി.
ഇതിനെത്തുടര്‍ന്ന് ഗഫൂര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കാണിച്ച് അശ്‌റഫിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കുകയും ഗഫൂറിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി നിലനില്‍ക്കുന്നതല്ലെന്നും പീഡനശ്രമം നടന്നിട്ടില്ലെന്നും ബോധ്യമായിതിനാല്‍ ഇത് അടിപിടി കേസ് എന്ന രൂപത്തിലേക്ക് മാറ്റി ചാര്‍ജ് ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ അശ്‌റഫിന്റെ ഭാര്യ വീണ്ടും പരാതി നല്‍കിയതോടെയാണ് പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗഫൂറിനെ സഹായിക്കാന്‍ തങ്ങള്‍ രംഗത്തെത്തിയതെന്ന് ഇവര്‍ പറഞ്ഞു. ആറ് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് അശ്‌റഫിന്റെ ഭാര്യ നല്‍കിയ രണ്ടാമത്തെ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ എസ് ഐയുടെ നേതൃത്വത്തില്‍ പോലീസ് പ്രതിചേര്‍ക്കപ്പെട്ടവരുടെ വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിക്കേണ്ട ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ധനാഢ്യരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി സി സി ഓഫീസ് ഉപരോധിച്ചതെന്നും ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദന്‍ മേലമ്പത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി കുട്ടികൃഷ്ണന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ ശ്രീധരന്‍ കല്‍പത്തൂര്‍, എസ് മുരളീധരന്‍, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ആദര്‍ശ് അരിക്കുളം എന്നിവരാണ് ഉപരോധത്തില്‍ പങ്കെടുത്തത്.