കൊച്ചി ബോട്ട് ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Posted on: August 27, 2015 9:30 am | Last updated: August 28, 2015 at 12:21 am
SHARE

boat karakkadippikkunnu

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രാവിലെ കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  എറണാകുളം മഹാരാജാസ് കോളേജില്‍ ബി കോം ബിരുദ വിദ്യാര്‍ഥിനിയയ സുജിഷയുടെ അമ്മ സിന്ധുവും ഇന്നലെ ബോട്ടപകടത്തില്‍ മരിച്ചിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നേരത്തെ ആറ് പേരുടെ മൃതദേഹമാണ് ലഭിച്ചിരുന്നത്. 26 പേരെ രക്ഷപ്പെടുത്തി. ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ വോള്‍ഗ(40), ഇവരുടെ ബന്ധു അമരാവതി പുളിക്കല്‍ വീട്ടില്‍ ജോസഫ്(64), വൈപ്പിന്‍ അഴീക്കല്‍ സൈനബ(55), മട്ടാഞ്ചേരി മഹാജനവാടിയില്‍ സുധീര്‍(38), വൈപ്പിന്‍ കാളമുക്ക് സ്വദേശി അയ്യപ്പന്‍(55), കണ്ടക്കടവ് പുത്തന്‍ തോട് കുഞ്ഞുമോന്റെ ഭാര്യ സിന്ധു(38)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ മരിച്ച ജോസഫ്, സുധീര്‍, വോള്‍ഗ, സിന്ധു
അപകടത്തില്‍ മരിച്ച ജോസഫ്, സുധീര്‍, വോള്‍ഗ, സിന്ധു

ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ ഇന്നലെ ഉച്ചക്ക് ഒന്നേ നാല്‍പ്പതോടെയാണ് നാടിനെ നടുക്കിയ ദുരന്തം. സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന കൊച്ചി നഗരസഭയുടെ അധീനതയിലുള്ള എം ബി ഭരത് എന്ന ഫെറിയില്‍ കമാലക്കടവിലെ പെട്രോള്‍ പമ്പില്‍ നിന്ന് എണ്ണയടിച്ച് വരികയായിരുന്ന മത്സ്യബന്ധന വള്ളം ഇടിക്കുകയായിരുന്നു. ബോട്ടിന് പത്ത് മീറ്റര്‍ അകലെ വെച്ച് തന്നെ യാത്രക്കാര്‍ ബഹളം വെച്ചെങ്കിലും നിര്‍ത്താതെ ബോട്ടില്‍ വന്നിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കം ബോട്ട് രണ്ടായി പിളര്‍ന്ന് മുങ്ങി. ബോട്ട് തകര്‍ന്ന ഉടനെ പലരും വെള്ളത്തിലേക്ക് എടുത്ത് ചാടി. ഇവരില്‍ പലരേയും അത് വഴി വന്ന സിലോണ്‍ എന്ന ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരും മറ്റ് ബോട്ടുകളിലെത്തിയവരുമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മത്സ്യബന്ധന ബോട്ടിലെ ഡീസല്‍ ടാങ്ക് ഇടിയില്‍ തകര്‍ന്ന് ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നതിനെതുടര്‍ന്ന് വെള്ളത്തില്‍ വീണവരുടെ ശ്വാസകോശത്തില്‍ ഈ ഡീസല്‍ കലര്‍ന്ന വെള്ളമാണ് കയറിയത്. ഇത് രക്ഷപ്പെട്ടവരുടെ ആരോഗ്യനിലയെ ഗുരുതരമാക്കി. ഇത് കെമിക്കല്‍ ന്യൂമോണിയ എന്ന രോഗാവസ്ഥയിലേക്ക് ഇവരെ എത്തിച്ചതായാണ് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജീവനക്കാരടക്കം മുപ്പത്തിയഞ്ച് പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം.
കോസ്റ്റല്‍ എ .ഡി ജി. പി മുഹമ്മദ് യാസിന്റെ നേതൃത്വത്തില്‍ നാവികസേന, തീരസംരക്ഷണ സേന, പോലീസ്, റവന്യൂ അധികൃതര്‍, നാട്ടുകാര്‍ വിദേശ വിനോദ സഞ്ചാരികള്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.