Connect with us

Kerala

രക്ഷാദൗത്യം ഒറ്റ മനസ്സോടെ ഏറ്റെടുത്ത് കൊച്ചിക്കാര്‍

Published

|

Last Updated

കൊച്ചി: കണ്‍മുന്നില്‍ വലിയൊരു ദുരന്തം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഫോര്‍ട്ട് കൊച്ചിക്കാര്‍ക്ക് ഒരേ മനസും ഒരേ ശരീരവും ഒരേ ശബ്ദവുമായിരുന്നു. രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ശേഷം വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന് കായലിലേക്ക് നീന്തുമ്പോള്‍ മുങ്ങി മരിച്ച പുതിയറോഡ് സ്വദേശി സുധീര്‍ നാട്ടുകാര്‍ കാണിച്ച ധീരതയുടെ പ്രതീകമായി. രക്ഷാ പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ നാട്ടുകാര്‍ സ്വയം ഏറ്റെടുത്തപ്പോള്‍ പോലീസിനും ഫയര്‍ഫോഴ്‌സിനുമൊക്കെ പലപ്പോഴും നിസ്സഹായരായി നില്‍ക്കേണ്ടി വന്നു. മൃതദേഹങ്ങളുടെ ചിത്രം പകര്‍ത്താന്‍ വെമ്പല്‍ കാണിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും കൊച്ചിക്കാരുടെ കടുത്ത പ്രതികരണം നേരിടേണ്ടി വന്നു. ദുരന്ത ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ വിരട്ടി വിട്ടു.
അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് സ്ഥലത്തെ ഫോര്‍ട്ട്‌കൊച്ചി ഓട്ടോ ബ്രദേഴ്‌സ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളികളാണ്. സംഘടനയുടെ വൈസ് പ്രസിഡന്റായി കല്‍വത്തി സ്വദേശി സി എം അജീഷിന്റെ നേതൃത്വത്തില്‍ കായലിലും തീരത്തും രക്ഷാപ്രവര്‍ത്തനവുമായി അമ്പതിലേറെ ഓട്ടോ ഡ്രൈവര്‍മാര്‍ അണിനിരന്നു. നാട്ടിലെ ചെറുപ്പക്കാര്‍ ഒരേ മനസ്സോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ഏറെ കഴിഞ്ഞാണ് അരകിലോ മീറ്റര്‍ മാത്രം അകലെയുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട ബോട്ടിലെ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് കായലിലിറങ്ങി. തകര്‍ന്ന ബോട്ടിന്റെ എന്‍ജിന്‍ ഡ്രൈവറായ അരൂര്‍ സ്വദേശി രമേശ് രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തി. അവശ നിലയിലായി രമേശിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest