ആവര്‍ത്തിക്കപ്പെടുന്ന ബോട്ട് ദുരന്തങ്ങള്‍

Posted on: August 27, 2015 4:57 am | Last updated: August 26, 2015 at 11:59 pm
SHARE

boat karakkadippikkunnuആശങ്കകള്‍ ബാക്കിയാക്കി കടലിലും കായലിലും പുഴകളിലുമെല്ലാമായി ജലയാനങ്ങളിലെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ചെറിയൊരു അശ്രദ്ധ കൊണ്ടോ അവഗണനകള്‍ കൊണ്ടോ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ വലിയൊരു ദുരന്തമായി പര്യവസാനിക്കുന്ന കാഴ്ച കേരളം കാണാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളമായി. 1924 ജനുവരി 14ന് ആലപ്പുഴയിലെ പല്ലനയില്‍ നടന്ന ബോട്ടപകടമായിരുന്നു ഇതില്‍ പ്രധാനപ്പെട്ട ജലദുരന്തങ്ങളില്‍ ആദ്യത്തെത്. മഹാകവി കുമാരനാശാനടക്കം 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കേരളത്തെയൊന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെ ജലദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഇന്നലെ കൊച്ചിയിലുണ്ടായ ബോട്ടപകടത്തില്‍ ആറ് പേരാണ് മരിച്ചത്. അഞ്ച് പേരെ കാണാതാവുകയും ചെയ്തു. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ഏറ്റവും കൂടുതല്‍ ജലദുരന്തങ്ങള്‍ നടന്നതും എറണാകുളം ജില്ലയിലാണ്. 2007 ഫെബ്രുവരി 20 നായിരുന്നു ഏറ്റവുമൊടുവില്‍ എറണാംകുളം ജില്ലയെ നടുക്കിയ ബോട്ട് ദുരന്തമുണ്ടായത്. തട്ടേക്കാട് ഭൂതത്താന്‍ അണക്കെട്ടിനു സമീപമുണ്ടായ ബോട്ട് ദുരന്തത്തില്‍ അങ്കമാലിയിലെ സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ പിഞ്ചു കുഞ്ഞുങ്ങളടക്കം 18 പേരാണ് മരിച്ചത്. കണ്ണമാലി കായലില്‍ 1980 ലുണ്ടായ ബോട്ടപകടമായിരുന്നു എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ ജലദുരന്തം. 29 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.1983 ല്‍ വല്ലാര്‍പ്പാടത്തുണ്ടായ അപകടത്തില്‍ 18 പേരും,1990 ല്‍ കൊച്ചിയിലുണ്ടായ ബോട്ടപകടത്തില്‍ അഞ്ച് പേരും 1992 ല്‍ എറണാകുളം മുനമ്പത്തുണ്ടായ അപകടത്തില്‍ മൂന്ന് പേരും 1993 ല്‍ കൊച്ചിയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരും മരിച്ചു.1997 ല്‍ ആലുവയിലുണ്ടായ അപകടത്തില്‍ നാല് പേര്‍ക്കാണ് ജീവഹാനി നേരിട്ടത്.
ജലദുരന്തത്തില്‍ തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 1971 ല്‍ തിരുവനന്തപുരത്ത് കരമനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ 11 ഉം, 1990ല്‍ തിരുവനന്തപുരം പേപ്പാറ ഡാം റിസര്‍വേയറിലെ അപകടത്തില്‍ നാലും 1991 ല്‍ തിരുവനന്തപുരം കല്ലാറിലുണ്ടായിരുന്ന അപകടത്തില്‍ എട്ടും ആളുകള്‍ മരിച്ചിരുന്നു. 2009 സെപ്തംബര്‍ 30ന് തേക്കടിയിലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തമുണ്ടായത്. ടൂറിസം വകുപ്പിന്റെ ജലകന്യക എന്ന ബോട്ട് മുങ്ങി വിനോദ സഞ്ചാരികളുള്‍പ്പെടെ 46 പേരാണ് മരിച്ചത്.
2002 ജൂലൈ 27 ന് കോട്ടയം ജില്ലയിലെ കുമരകത്തുണ്ടായ ബോട്ടപകടത്തില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് മുങ്ങി 15 പേര്‍ മരിച്ചിരുന്നു.1994 ല്‍ കോഴിക്കോട് വെള്ളായിക്കോട് അപകടത്തില്‍ ആറ് പേരും, 1997 ല്‍ കോഴിക്കോട് കാപ്പാട് ബീച്ചില്‍ നാല് പേരും 1991 ല്‍ കണ്ണൂരിലെ ഇരിട്ടിയില്‍ നാല് പേരും മരിച്ചിരുന്നു. ആലപ്പുഴ പുന്നമടക്കായലില്‍ 1991 ല്‍ മൂന്ന് പേരും, 2013 ജനുവരി 26 ന് നാല് പേരും മരിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചിയിലെത്തിയ കുവൈത്ത് രാജകുമാരനും ബോട്ടപകടത്തില്‍ പെട്ടെങ്കിലും അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്.അനൗദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കുവൈത്ത് കൊട്ടാര കാര്യ മന്ത്രി കൂടിയായിരുന്ന ശൈഖ് നാസര്‍ അല്‍ സബാഹിനെ മറിഞ്ഞ ബോട്ടില്‍ നിന്ന് മത്സ്യതൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ചെറുതും വലുതുമായ ഇത്തരം അപകടങ്ങള്‍ തീരദേശമേഖലകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓരോ അപകടങ്ങളും ആവര്‍ത്തിക്കുമ്പോഴും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്നുള്ള അധികാരികളുടെ പ്രഖ്യാപനങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. 25 വര്‍ഷം പഴക്കം ചെന്ന യാത്രാ ബോട്ടാണ് ഇന്നലെ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് രണ്ടായി പിളര്‍ന്നത്. യാത്രാബോട്ടുകളിലും വിനോദ സഞ്ചാര ബോട്ടുകളിലുമെല്ലാം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും പാലിക്കപ്പെടുന്നില്ല. ബോട്ടുകളുടെ ഫിറ്റ്‌നസിലും യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദ്ദേശിക്കുന്ന ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം വേണ്ടത്ര പരിശോധിക്കപ്പെടാതെ അധികൃതര്‍ തുടരുന്ന ഇത്തരം അനാസ്ഥ അപകടങ്ങളെ വീണ്ടും ക്ഷണിച്ചു വരുത്തുകയാണ്,
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമിക്കപ്പെടുന്ന അന്വേഷണ കമ്മിഷനുകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കുന്നതാണ് പുതിയ അപകടങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ പലപ്പോഴും കാരണമാകുന്നത്. എറണാകുളം ജില്ലയിലെ കണ്ണമാലിയില്‍ 1980ല്‍ ഉണ്ടായ അപകടം മുതല്‍ 2009ലെ തേക്കടി ദുരന്തം വരെ വിവിധ കമ്മിഷനുകള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. ബോട്ടുകളുടെ സുരക്ഷ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കണമെന്നും അധികം യാത്രക്കാരെ കയറ്റുന്ന ബോട്ടുകള്‍ക്കെതിരെ നടപടി വേണമെന്നുമുള്ള ശിപാര്‍ശകള്‍ ഇപ്പോള്‍ ഫയലില്‍ ഉറങ്ങുകയാണ്. തേക്കടി ബോട്ട് ദുരന്തം ഉണ്ടായപ്പോള്‍ സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ഇ മൈതീന്‍കുഞ്ഞ് 232 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുമാണ് സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ശിപാര്‍ശ ചെയ്തത്.
നേവല്‍ ആര്‍ക്കിടെക്ട്, മറൈന്‍ എന്‍ജിനീയര്‍ തുടങ്ങിയ വിദഗ്ധരെ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ബോട്ട് പരിശോധന, ജീവനക്കാരുടെ പരിശീലനം എന്നിവയുടെ ചുമതല ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിനുള്ള ബില്‍ പാസായെങ്കിലും ബോര്‍ഡ് രൂപവത്കരിക്കാനായിട്ടില്ല. കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷന്‍ സര്‍ക്കാരിനു 2003 ഏപ്രിലില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളും തട്ടേക്കാട് ബോട്ടപടകത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം എം പരീത് പിള്ള കമ്മിഷന്റെ നിര്‍ദേശങ്ങളും പൂര്‍ണമായി നടപ്പാക്കാനായിട്ടില്ല.
ബോട്ടുകളുടെ, പ്രത്യേകിച്ച് കാലപ്പഴക്കം ചെന്നവയുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നിര്‍വഹിക്കുന്നെന്ന് ഉറപ്പാക്കണമെന്നായിരുന്നു നാരായണക്കുറുപ്പ് കമ്മിഷന്റെ ഒരു ശിപാര്‍ശ. എന്നാല്‍, ഇതിനു മതിയായ സംവിധാനമില്ല. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞാല്‍ പരിശോധനയില്ല. ബോട്ടുകളുടെ ഫിറ്റ്‌നസും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന വ്യാപകമാക്കണമെന്ന നിര്‍ദേശവും നടപ്പിലായില്ല.
ബോട്ടുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കരുതെന്നും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു പരീത്പിള്ള കമ്മീഷന്റെ ശിപാര്‍ശ. ഇവയില്‍ ഒന്നുപോലും നടപ്പായില്ല. കാലപ്പഴക്കം ചെന്ന ബോട്ടുകളുടെ യാത്രാനുമതി റദ്ദാക്കണമെന്നായിരുന്നു മറ്റൊരു ശിപാര്‍ശ. എന്നാല്‍, സര്‍വ്വീസ് നടത്തുന്ന ബോട്ടുകളില്‍ അധികവും കാലപ്പഴക്കം ചെന്ന ഫിറ്റ്‌നസ് ഇല്ലാത്ത ബോട്ടുകളാണ്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടാന്‍ സഹായകമായ ലൈഫ് ജാക്കറ്റുകളും അതിലുണ്ടായിരുന്നില്ലത്രെ. ബോട്ട് എന്ന് പേര്‍ മാത്രമുള്ള, വള്ളങ്ങള്‍ കൂട്ടിക്കെട്ടിയ ഈ താത്കാലിക സംവിധാനത്തില്‍ പതിനഞ്ചു പേരെ മാത്രമേ കൊണ്ടുപോകാവൂ എന്നാണു നിയമം. ആ സ്ഥാനത്താണ് നാല്‍പ്പതും അമ്പതും പേര്‍ സഞ്ചരിക്കുന്നത്. രണ്ടു വള്ളങ്ങള്‍ കൂട്ടിവെച്ച് മേല്‍ക്കൂര പണിയുന്ന ഈ ജലവാഹനങ്ങള്‍ക്ക് ഓടാന്‍ അധികൃതര്‍ നല്‍കുന്ന ‘ഫിറ്റ്’ മാത്രം മതിയത്രെ. തട്ടേക്കാട് തടാകത്തില്‍ സര്‍വീസ് നടത്തുന്ന മിക്ക സ്വകാര്യ ‘ബോട്ടു’കളുടെയും അവസ്ഥിയിതാണ്. വിലപ്പെട്ട മനുഷ്യജീവന്‍ കൊണ്ട് അമ്മാനമാടുന്നവര്‍ക്കു പലപ്പോഴും ‘ജീവിത മാര്‍ഗ’ത്തെയും പണം നേടുന്നതിനെയും പറ്റി മാത്രമേ ചിന്തയുള്ളൂ. ബോട്ടെന്ന് പേരിട്ട് ‘മരണയാന’ങ്ങള്‍ വെള്ളത്തിലിറക്കുന്നവരും ‘കൈമടക്കി’ ന്റെ ബലത്തില്‍ അവക്കു കണ്ണും ചിമ്മി ലൈസന്‍സ് കൊടുക്കുന്ന ഉദ്യോഗസ്ഥരും അത്തരക്കാരെ സംരക്ഷിക്കുന്ന ഭരണാധികാരികളുമെല്ലാം ഇക്കാര്യത്തില്‍ വിചാരണ നേരിട്ടേ പറ്റൂ. നമ്മുടെ നാട്ടില്‍ അഴിമതിയുടെ കൂത്തരങ്ങായി തീര്‍ന്നിരിക്കുകയാണ് ആര്‍ ടി ഒകള്‍. ഡ്രൈവിംഗ് വൈദഗ്ധ്യവും വാഹനങ്ങളുടെ കാര്യക്ഷമതയുമൊന്നുമല്ല, കൈക്കൂലിയുടെ കനമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും സമ്പാദിക്കാനുള്ള മാനദണ്ഡം എന്നതായിട്ടുണ്ട് അവസ്ഥ. പിന്നെയെങ്ങനെ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും?
പതിനഞ്ചു കൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് ഈയിടെ അധികാരികള്‍ ഉത്തരവിട്ടിരുന്നു. പക്ഷേ, അസോസിയേഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അവധി നീട്ടിക്കൊടുത്തു. പിന്നീടതിനെപ്പറ്റി കേട്ടതുപോലുമില്ല. ഇതു തന്നെയാണ് മറ്റു വാഹനങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. അഴിമതിക്കാരെ തളക്കാതെ നാട്ടുകാരുടെ സുരക്ഷയും ക്ഷേമവും ഉന്നമാക്കുന്ന ഒരു നീക്കവും വിജയം കാണില്ല. ‘പാട്ടവണ്ടി’ കള്‍ പിടിച്ചെടുക്കുകയും ‘വ്യാജരേഖ’ യില്‍ വളയം പിടിക്കുന്നവരുടെ കൈകളില്‍ വിലങ്ങ് തീര്‍ക്കുകയുമാണ് ഹൃദയഭേദക രംഗങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here