തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ട് തീയതികള്‍ നിര്‍ദേശിച്ച് സത്യവാങ്മൂലം നല്‍കും

Posted on: August 27, 2015 3:52 am | Last updated: August 26, 2015 at 11:54 pm
SHARE

voteതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവംബര്‍ മൂന്നാം വാരത്തിലെ രണ്ട് തിയതികള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കും. നവംബര്‍ 23,25 തീയതികളിലൊന്നില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താമെന്നാകും സര്‍ക്കാര്‍ അറിയിക്കുക. അതേസമയം, ഒരു മാസം ദീര്‍ഘിപ്പിച്ചത് കൊണ്ട് മാത്രം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിസംബറിലേക്ക് മാറ്റിയാല്‍ മാത്രമെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നവംബര്‍ 20 ശേഷം ഒറ്റഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം അറിയിക്കും. ഹൈക്കോടതി അംഗീകരിച്ച 28 മുന്‍സിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും പുതിയ സംവിധാനമനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. പഞ്ചായത്ത് രൂപവത്കരണം സംബന്ധിച്ച കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്ന സെപ്തംബര്‍ മൂന്നിനാകും സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുക. ഇതിനു മുമ്പ് തിരഞ്ഞെടുപ്പു കമ്മീഷനുമായി വീണ്ടും കൂടിയാലോചന നടത്തിയേക്കും.
തിരഞ്ഞെടുപ്പ് കമ്മീഷനുമായി കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നത്. കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ എതിര്‍ക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തിലും മന്ത്രിസഭായോഗത്തിലും തിരഞ്ഞെടുപ്പ് ഒരുമാസത്തേക്ക് നീട്ടിവെക്കാമെന്ന നിര്‍ദേശമാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, നഗരകാര്യ സെക്രട്ടറിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഷെഡ്യൂളാണ് എ ജിക്ക് സമര്‍പ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും സത്യവാങ്മൂലം തയ്യാറാക്കുക. 28 മുന്‍സിപ്പാലിറ്റികളുടെയും കണ്ണൂര്‍ കോര്‍പ്പറേഷന്റെ രൂപവത്കരണം കോടതി അംഗീകരിച്ചതിനാല്‍ ഇനിയൊരു തിരിച്ചുപോക്ക് കൂടുതല്‍ നിയമകുരുക്കിന് വഴിവെക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കും. ഇവ ഉള്‍ക്കൊള്ളുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയംകൂടി കണക്കിലെടുത്താണ് പുതിയ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.